യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്‍സ് ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 5ന് ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. 200 കോടി രൂപയില്‍ അധികമാണ് മഞ്ഞുമ്മൽ ബോയ്സ് കളക്റ്റ് ചെയ്തത്.
ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ്. പ്രേമലുവിന്റെ ഒടിടി റിലീസുമായി ക്ലാഷ് വരാതിരിക്കാൻ ചിലപ്പോൾ ഏപ്രിൽ അവസാനത്തിലേക്കോ മേയ് ആദ്യത്തിലേക്കോ മഞ്ഞുമ്മൽ ഒടിടി റിലീസ് നീട്ടിയേക്കാമെന്നും സൂചനയുണ്ട്.