കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കാസര്‍കോട് സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് നടപടി.(Manjeshwaram Bribery case high court stays session court order which K Surendran omission from the list of defendants)
കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജിയില്‍ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിൽ സിപിഎം – ബിജെപി ഒത്തുകളി ആരോപണം ഉയർന്നിരിക്കെയാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തൽ. കേസില്‍ സുരേന്ദ്രൻ ഉൾപ്പടെ ആറ് ബിജെപി നേതാക്കളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു.