ഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന വഴി നിർമ്മിക്കുന്ന വീടുകളുടെ മുന്നിൽ പദ്ധതിയുടെ ലോഗോ പ്രദർശിപ്പിക്കണമെന്ന നിബന്ധനയിൽ ഉറച്ച് കേന്ദ്രം. ലോഗോ പ്രദർശിപ്പിക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാൻ സാഹു രാജ്യസഭയിൽ അറിയിച്ചു. ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.(Mandatory logo on houses constructed under Pradhan Mantri Awas Yojana)
ബ്രാന്‍റിംഗ് ഇല്ലെങ്കിൽ പണമില്ലെന്ന കേന്ദ്ര കടുംപിടുത്തം പദ്ധതി നടത്തിപ്പിനെ തന്നെ ബാധിക്കുന്നു എന്ന വിമര്‍ശനത്തിന് പിന്നാലെ ബ്രാന്‍റിങ് നൽകാൻ കേരളം ഉദ്ദേശിക്കുന്നില്ലെന്ന് തദ്ദേശ മന്ത്രി കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. 2023 ഒക്ടോബര്‍ 31 വരെ ലൈഫ് മിഷന് കീഴിൽ പൂർത്തിയാക്കിയത് 3,56,108 വീടാണ്. അതിൽ പ്രധാനമന്ത്രി ആവാസ് യോജന അര്‍ബൻ വിഭാഗത്തിൽ 79860 വീടുകളാണ് ഉള്ളത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നാല് വിഭാഗങ്ങളിലായാണ് പ്രധാനമന്ത്രി ആവാസ് യോജന വഴി സഹായം അനുവദിക്കുന്നത്. ചേരി നിർമ്മാർജ്ജനത്തിന് ഒരു ലക്ഷം രൂപയും ഗുണഭോക്താക്കൾ നേരിട്ട് നിർമ്മിക്കുന്ന വീടുകൾക്ക് ഒന്നര ലക്ഷം രൂപ വീതവും, വായ്പയെടുത്ത് വീട് നിർമ്മിക്കുന്നവർക്ക് 2.67 ലക്ഷം രൂപ പലിശ സബ്സിഡിയുമാണ് നൽകുന്നതെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു. കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകൾക്ക് പ്രത്യേകം ലോഗോ വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് നേരത്തെ സംസ്ഥാന സർക്കാർ മറുപടി നൽകിയത്. ബ്രാന്‍റിംഗ് നൽകുന്നത് വിവേചനത്തിന് ഇടയാക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം.