കോഴിക്കോട്: അര്‍ജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ലോറി ഡ്രൈവര്‍ മനാഫ്. താന്‍ തെറ്റ് ചെയ്തിട്ടില്ല, അർജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ലെന്നും മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.(Manaf denied the allegations of Arjun’s family)
‘ഞാന്‍ എവിടെ നിന്നെങ്കിലും ഫണ്ട് പിരിച്ചതായി കണ്ടെത്തിയാല്‍ ഞാന്‍ മാനാഞ്ചിറ സ്‌ക്വയറിൽ വന്നുനില്‍ക്കാം, നിങ്ങള്‍ക്ക് എന്നെ കല്ല് എറിഞ്ഞുകൊല്ലാം. ഞാന്‍ ഒരിക്കലും അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല. മനാഫ് ഒരു രണ്ടായിരം രൂപ കൊണ്ടുകൊടുക്കാന്‍ പോകുന്ന ഒരാളായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?. എന്താ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. എന്റെ മക്കളാണേ സത്യം ആ വാര്‍ത്താ സമ്മേളനത്തെ പറ്റി അറിയില്ല.
ഞാന്‍ ആ യുട്യൂബ് ചാനല്‍ തുടങ്ങിയത് എന്റെ കാര്യം അവിടെ വച്ച് ഗംഗാവലി തീരത്ത് വച്ച് സംസാരിക്കാനാണ്. അര്‍ജുന്റെ വിഷയത്തിന് ശേഷം ഞാന്‍ അക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. ഇനി ഞാന്‍ ആ യൂട്യൂബ് ചാനല്‍ സജീവമാക്കും, ആരുടെയും തറവാട് സ്വത്ത് എടുത്തിട്ടല്ല അത് തുടങ്ങിയത്. ഇത് എന്റെ യൂട്യൂബ് ചാനലാണ്. എന്റെ പുതിയ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും, അതൊന്നും എനിക്ക് പ്രശ്‌നമില്ല’ എന്നും മനാഫ് പറഞ്ഞു.
ലോറി ഉടമ മനാഫിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായാണ് അർജുന്റെ കുടുംബം രംഗത്തെത്തിയത്. അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. അര്‍ജുന്‍ സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരേ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത് എന്നും കുടുംബം പറഞ്ഞു.