കല്പറ്റ: ഒട്ടേറെ പ്രമാദമായ കേസുകൾക്ക് തുമ്പുണ്ടാക്കിയ കേരള പോലീസിലെ ശ്വാനസേനാംഗം മാളു ഔദ്യോഗികജീവിതം പൂർത്തിയാക്കി വിശ്രമ ജീവിതത്തിലേക്ക് മടങ്ങി. വയനാട് ഡോഗ് സ്ക്വാഡിന്റെ ഭാഗമായിരുന്നു മാളു.
10 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ശേഷമാണി നമ്പർ 276 മാളു വിശ്രമജീവിതത്തിനായി തൃശ്ശൂരിലെ വിശ്രാന്തിയിലേക്ക് മടങ്ങുന്നത്. മൂന്നുമാസം പ്രായം മുതൽ സേനയുടെ ഭാഗമായിരുന്നു.
ജർമൻ ഷെപ്പേർഡ് ഇനത്തിലുള്ള ക്രൈം സീൻ ട്രാക്കറായ മാളു പ്രമാദമായ റിസോർട്ട് കൊലപാതകം, തിരുനെല്ലി കൊലപാതകം, വെള്ളമുണ്ട കൊലപാതകം തുടങ്ങിയ കേസുകളിൽ തുമ്പുകളുണ്ടാക്കി പോലീസിന്റെ അന്വേഷണത്തിന് സഹായിച്ചിട്ടുണ്ട്.
ഒട്ടേറെ ഗുഡ് സർവീസ് എൻട്രികളും മാളുവിന് ലഭിച്ചിട്ടുണ്ട്. 2015 ഫെബ്രുവരിയിൽ ജനിച്ച മാളു, 2015 ജൂലായിലാണ് വയനാട് ഡോഗ് സ്ക്വാഡിന്റെ ഭാഗമാകുന്നത്.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാൾട്ടൻ ജൂഡി ഡിസൂസ, ബി. ബിജു എന്നിവരാണ് പരിശീലകർ. മാളുവിന് വയനാട് ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഡോഗ് സ്ക്വാഡ് ഇൻ ചാർജ് ഓഫീസർ എഎസ്ഐ കെ. സുധീഷ്, കെ9 സ്ക്വാഡ് അംഗങ്ങളായ പി. അനൂപ്, വി. രാഗേഷ്, കെ.ടി. അരുൺ, എസ്.എ. അഭിലാഷ്, ബൈജുകുമാർ, എസ്. സതീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.