കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്രയിൽ പൂക്കുടയുമായി കബറിടം വരെ അകമ്പടിയായി പോകാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ മലയാളി പെൺകുട്ടി. തൃശൂർ പറപ്പൂക്കര ഇടവകാംഗമായ മുളങ്ങ് കരിപ്പേരി വീട്ടിൽ ഫെനിഷ് ഫ്രാൻസിസിന്റെയും കാഞ്ചന്‍റെയും മകളായ നിയയ്ക്കാണ് അപൂർവമായ ഈ അവസരം ലഭിച്ചത്.
മൃതസംസ്കാരത്തിന് കര്‍ദിനാളുമാര്‍ക്ക് ഒപ്പം മേരി മേജര്‍ ബസിലിക്കയില്‍ ആകെ നാലുപേർക്കാണ് പ്രവേശനം ലഭിച്ചത്. അവരിൽ ഒരാളാണ് പത്ത് വയസുകാരി നിയ.
സീറോ മലബാർ സഭയ്ക്കുവേണ്ടി വത്തിക്കാനിൽ സ്‌ഥാപിച്ച സാന്താ അസ്താസിയ ബസിലിക്ക ഇടവകാംഗമാണ് നിയ.
ബസിലിക്ക വികാരി ഫാ.ബാബു പാണാട്ടുപറമ്പിലാണ് നിയയെ പൂക്കുടയുമായി നടക്കാൻ ചുമതലപ്പെടുത്തിയത്. കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ നിർദേശ പ്രകാരമായിരുന്നു നിയോഗം.
ഇറ്റാലിയൻ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് നിയ. മകൾക്ക് മറ്റാർക്കും ലഭിക്കാത്ത അസുലഭ ഭാഗ്യം ലഭിച്ചതിന്റെ ആനന്ദത്തിൽ ദൈവത്തിന് നന്ദി പറയുകയാണ് കുടുംബം.









