അച്ഛൻ ഉപേക്ഷിച്ചു, അമ്മയ്ക്ക് വീട്ടുജോലി, സ്വപ്നം അടക്കിവെക്കാൻ മനസ്സില്ലാതിരുന്ന മാളവിക, യൂട്യൂബിനെ ഗുരുവാക്കി…
നൃത്തം പഠിക്കണം, വേദികളിൽ തിളങ്ങണം – ബാല്യകാലം മുതൽ കെ.എം. മാളവികയുടെ മനസ്സിൽ നിറഞ്ഞുനിന്ന സ്വപ്നമതായിരുന്നു അത്. എന്നാൽ വനത്തിനുള്ളിലെ ഒറ്റപ്പെട്ട വീട്ടിൽ നിന്ന് നൃത്തപഠനത്തിന് പോകുക എളുപ്പമല്ലായിരുന്നു.
അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചുപോയതോടെ, വീട്ടുജോലിക്ക് പോയി കുടുംബം പോറ്റുന്ന അമ്മയ്ക്ക് നൃത്തപഠനത്തിനുള്ള ചെലവ് വഹിക്കാനാകില്ലെന്ന യാഥാർത്ഥ്യവും മുന്നിലുണ്ടായി.
സ്വപ്നം അടക്കിവെക്കാൻ മനസ്സില്ലാതിരുന്ന മാളവിക, യൂട്യൂബിനെ ഗുരുവാക്കി. ചുവടുകളും ലയവും അവൾ സ്വയം പഠിച്ചു.
വേഷങ്ങളും ആഭരണങ്ങളും വാങ്ങാൻ കഴിയാത്തതിനാൽ ശാസ്ത്രീയ നൃത്തത്തിലേക്ക് വഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് അവൾ മംഗലംകളിയിലേക്ക് തിരിഞ്ഞത്. ആ തീരുമാനം തന്നെയാണ് അവളുടെ ജീവിതത്തിലെ വഴിത്തിരിവായത്.
പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ മാളവിക, ഹൈസ്കൂൾ വിഭാഗം മംഗലംകളിയിലാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിച്ചത്.
ആദ്യമായ് പങ്കെടുത്ത കലോത്സവത്തിൽ തന്നെ ടീമിനൊപ്പം എ ഗ്രേഡ് നേടാൻ കഴിഞ്ഞത് അവളുടെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവായി.
രണ്ട് വർഷം മുൻപുവരെ പീച്ചി വനമേഖലയിലെ താമരവെള്ളച്ചാലിലെ വീട്ടിലായിരുന്നു മാളവികയുടെ ജീവിതം. അച്ഛന്റെ വേർപാടോടെ അമ്മ അജിതയും സഹോദരങ്ങളായ അനിരുദ്ധ്, അവന്തിക, അക്ഷര എന്നിവരും ചേർന്ന കുടുംബം വലിയ പ്രതിസന്ധിയിലായി.
സിമന്റ് തേക്കാത്ത പഴയ കുടുംബവീട്ടിലേക്ക് മാറിയ ശേഷമാണ് ജീവിതം മുന്നോട്ടു നീങ്ങിയത്. വീട്ടുപണികൾക്കു പോയി അമ്മ മക്കളുടെ പഠനവും വീട്ടുചെലവുകളും വഹിക്കുന്നു.
ശാസ്ത്രീയ നൃത്തം പഠിക്കണമെന്ന മോഹം സാധ്യമാകാതെ വന്നപ്പോൾ, യൂട്യൂബ് വിഡിയോകൾ കണ്ടാണ് മാളവിക നാടോടിനൃത്തങ്ങളും മറ്റു നൃത്തശൈലികളും പഠിച്ചത്.
സ്കൂൾ വേദികളിൽ കഴിവ് തെളിയിച്ചെങ്കിലും, കലോത്സവ വേദികളിലേക്കുള്ള വഴി സാമ്പത്തിക പരിമിതികൾ മൂലം അടഞ്ഞതുപോലെ തോന്നിയിരുന്നു. അങ്ങനെയിരിക്കെയാണ് മംഗലംകളിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് – ആ അവസരം അവൾ വിജയംകൊണ്ട് മാറ്റി.
English Summary
Malavika K.M., a Class 9 student from Peechi, nurtured a dream of dancing on stage despite severe financial hardships. After her father abandoned the family, her mother struggled to support five children through daily labor. Unable to afford formal dance training, Malavika learned dance steps through YouTube and turned to Mangalamkali due to the high cost of classical dance costumes. Her perseverance paid off when she secured an A grade in her very first State School Kalolsavam appearance, proving that determination can overcome even the toughest barriers.
malavika-mangalamkali-state-kalolsavam-inspiration
School Kalolsavam, Mangalamkali, Inspirational Story, Student Achievement, Kerala Education, Folk Dance, Girl Power, Overcoming Hardship









