മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന് വിവരം. മുബൈയിലെ ഒരു സലൂണില്‍ പോയി മുടി മുറിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇവർക്കൊപ്പം എടവണ്ണ സ്വദേശിയായ ഒരു യുവാവും പെൺകുട്ടികൾക്കൊപ്പം മുംബൈയിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
റഹീം അസ്ലം എന്ന യുവാവാണ് മുംബൈ വരെ പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇവര്‍ നേത്രാവതി എക്‌സ്പ്രസ്സില്‍ പന്‍വേലില്‍ ഇറങ്ങി. തുടർന്ന് മൂന്നരയോടെ പന്‍വേലില്‍ എത്തി. അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് ആണ് യുവാവ് പറയുന്നത്. പെൺകുട്ടികളുമായി ഇൻസ്റ്റാഗ്രാമിൽ പരിചയമുണ്ടെന്നും യുവാവ് പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെൺകുട്ടികൾ തിരൂരിൽ നിന്നും ട്രെയിനിലാണ് മുംബൈയിലേക്ക് പോയത്. യുവാവ് മുംബൈയിലേക്ക് പോയെന്ന് യുവാവിന്റെ വീട്ടുകാരും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മലപ്പുറം താനൂർ ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി, എന്നീ വിദ്യാര്‍ഥികളെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഇന്നലെ പ്ലസ് ടു പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നില്ല.