വന്യജീവികളെ തുരത്താൻ മധു വനം; വമ്പൻ പദ്ധതിയുമായി വനം വകുപ്പ്
തിരുവനന്തപുരം: വന്യജീവി–മനുഷ്യ സംഘർഷം കുറയ്ക്കുന്നതിനായി തേനീച്ചക്കൂടുകൾ സ്ഥാപിക്കുന്ന ‘മധുവനം’ പദ്ധതിയുമായി വനംവകുപ്പ്.
വനാതിർത്തികളിലും ആദിവാസി ഉന്നതികളിലും പദ്ധതി നടപ്പാക്കി വനാശ്രിത വിഭവങ്ങളുടെ സുസ്ഥിര വികസനവും ലക്ഷ്യമിടുന്നു.
വിവിധ സ്വകാര്യ കമ്പനികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സി.എസ്.ആർ ഫണ്ടാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്.
ആദ്യഘട്ടത്തിൽ നെയ്യാർ വന്യജീവി സങ്കേതത്തിലെ ഉന്നതികളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ജനവാസ മേഖലകൾക്കും കൃഷിയിടങ്ങൾക്കും സമീപം തേനീച്ചക്കൂടുകൾ സ്ഥാപിക്കുന്നതിലൂടെ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ കാടിറക്കം തടയാനാകുമെന്നാണ് വിലയിരുത്തൽ.
കാട്ടാനകളെ പ്രതിരോധിക്കാൻ തേനീച്ചകളുടെ സാന്നിധ്യം ഫലപ്രദമാണെന്ന് മുൻപ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതോടൊപ്പം ആദിവാസികൾക്കും വനാതിർത്തിയിലുള്ള കർഷകർക്കും സുസ്ഥിര വരുമാനവും കാർഷിക ഉൽപ്പാദന വർധനയും പോഷക സമൃദ്ധിയും ഉറപ്പാക്കാനാകുമെന്നും വനംവകുപ്പ് വിലയിരുത്തുന്നു.
നെയ്യാറിൽ 150 തേനീച്ചക്കൂടുകൾ
ആദ്യഘട്ടത്തിൽ സംസ്ഥാന ഹോർട്ടിക്കോർപ്പിൽ നിന്ന് ലഭ്യമാക്കിയ 150 തേനീച്ചക്കൂടുകളാണ് സ്ഥാപിക്കുന്നത്.
നെയ്യാർ വന്യജീവി സങ്കേതത്തിലെ കൊമ്പ, ആമല, മേലെ ആമല, ആയിരംകാൽ എന്നീ ഉന്നതികളിലാണ് ഇവ സ്ഥാപിക്കുക. അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഒയിസ്ക ഇന്റർനാഷണലാണ് പദ്ധതിയുടെ പങ്കാളി.
ടെക്നോപാർക്കിലെ ഫിനാസ്ട്ര കമ്പനിയുടെ സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടാണ് ഒന്നാംഘട്ടത്തിന് ഉപയോഗിക്കുന്നത്.
പദ്ധതി വിജയകരമായാൽ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
English Summary
The Kerala Forest Department has launched the ‘Madhuvanam’ project to reduce human–wildlife conflict by installing beehives along forest borders and tribal settlements. The pilot phase will be implemented at Neyyar Wildlife Sanctuary using CSR funds from public and private sector companies. Officials believe beehives can effectively deter elephants and other wild animals while also providing sustainable income and agricultural benefits to tribal communities and farmers. If successful, the project will be expanded across the state.
madhuvanam-project-forest-department-beehives-wildlife-conflict-kerala
Kerala Forest Department, Madhuvanam Project, Human Wildlife Conflict, Beehive Project, Neyyar Wildlife Sanctuary, Elephant Conflict, CSR Initiative, Tribal Welfare









