ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തുനിന്ന് എം എസ് ധോണി ഒഴിഞ്ഞു. യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് ഈ സീസണിൽ ടീമിന്റെ നായകനാകും. 2008ൽ ഐപിഎൽ ആദ്യ സീസൺ മുതൽ ചെന്നൈ ടീമിനെ നയിക്കുന്നത് ധോണിയാണ്. 2022ൽ സീസണിന്റെ തുടക്കത്തിൽ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയിരുന്നെങ്കിലും പിന്നീട് ധോണിയെ തന്നെ നായകസ്ഥാനത്തേക്ക് കൊണ്ടു വന്നിരുന്നു.
ധോണിയുടെ നായകത്വത്തിനു കീഴിൽ അഞ്ചു തവണയാണ് ചെന്നൈ ഐപിഎൽ കിരീടം നേടിയത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചാണ് ധോണിയും സംഘവും ചാംപ്യന്മാരായത്. വിവിധ ട്വന്റി20 ടൂർണമെന്റുകളിലായി സിഎസ്കെയുടെ ഏഴാം കിരീടമായിരുന്നു ഇത്.
2020 ഓഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വരമിച്ചത്. 2007ൽ ട്വന്റി20 ലോകകപ്പ്, 2011ൽ ഏകദിന ലോകകപ്പ്, 2013ൽ ചാംപ്യൻസ് ട്രോഫി എന്നിവ നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് ധോണിയാണ്. ഈ സീസണോടെ ധോണി ഐപിഎല്ലിൽനിന്ന് വിരമിക്കുമെന്നും ചെന്നൈ പുതിയ നായകനെ നിയമിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.