എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം
കൊച്ചി: എം.എം. മണിയുടെ ഗൺമാൻ ഐ.ബിയിൽ അനധികൃത താമസിച്ചത് 1,198 ദിവസം. എം.എം. മണി എം.എൽ.എ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ ഗൺമാൻ മൂന്നാർ ചിത്തിരപുരത്തെ കെ.എസ്.ഇ.ബിയുടെ ഐ.ബിയിലെ മുറി അനധികൃതമായി കൈവശം വച്ചതായാണ് പരാതി.
വാടകയിനത്തിൽ നൽകാനുള്ളത് 3,59,400 രൂപ. ഗൺമാനിൽ നിന്ന് ഇത് ഈടാക്കാൻ വൈദ്യുതി ബോർഡ് നടപടി തുടങ്ങി. ഐ.ബിയിലെ മൂന്നാംനമ്പർ മുറിയാണ് വാടക നൽകാതെ ഇയാൾ ഉപയോഗിച്ചത്. കെ.എസ്.ഇ.ബി വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
വിജിലൻസ് റിപ്പോർട്ട് സി.എ.ജി ഓഫീസിലെ മുതിർന്ന ഓഡിറ്റ് ഓഫീസറും പരിശോധിച്ചുറപ്പിച്ചു. 2016 നവംബർ 26നാണ് ഇയാൾക്ക് മുറി അനുവദിച്ചത്. മന്ത്രിയുടെ ജീവനക്കാർക്ക് 30 രൂപയാണ് പ്രതിദിനവാടക. മണി മന്ത്രിയായിരുന്ന കാലത്തെ 1,237 ദിവസത്തെ വാടകയായ 37,110 രൂപ കെ.എസ്.ഇ.ബി വഹിക്കുകയായിരുന്നു.
എന്നാൽ, മന്ത്രിസ്ഥാനം ഒഴിഞ്ഞ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണി എം.എൽ.എയായ ശേഷവും ഗൺമാൻ മുറി ഒഴിഞ്ഞിരുന്നില്ല. 2021 മേയ് 20 മുതൽ 2024 സെപ്‌തംബർ 10വരെ 1,210 ദിവസത്തിൽ 12 ദിവസം ഒഴികെ ഗൺമാനാണ് കൈവശം വച്ചതെന്നാണ് ഐ.ബിയിലെ രേഖകൾ പറയുന്നു. എം.എൽ.എയുടെ ജീവനക്കാരന് ഇളവില്ല. സാധാരണ നിരക്കായ പ്രതിദിനം 300 രൂപയാണ് മുറിക്ക് ഇയാൾ നൽകേണ്ടത്.
ഇതുപ്രകാരം 3,59,400 രൂപ ഈടാക്കാൻ ജനറേഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി കെ.എസ്.ഇ.ബി ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ മുറി കൈവശംവച്ച വ്യക്തിയുടെ പേര് ഉത്തരവിൽ പറയുന്നില്ല. നടപടികളുടെ ഭാഗമായി ഇയാൾക്ക് നോട്ടീസ് നൽകും.
സഹകരണ ബാങ്കിന് മുന്നിലെ ആത്മഹത്യ ഇടതുപക്ഷത്തിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കേണ്ട; എം.എം.മണി
റൂറൽ ഡവലപ്‌മെന്റെ സൊസൈറ്റിയുടെ മുന്നിലുണ്ടായ സാബുവിന്റെ ആത്മഹത്യ തങ്ങളുടെ തലയിൽ വെക്കേണ്ട എന്ന് എം.എം.മണി . എൽ.ഡി.എഫ്. കട്ടപ്പനയിൽ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങളുടെ പാർട്ടി എന്തോ കുഴപ്പം കാണിച്ചു എന്ന മട്ടിൽ ഐക്യജനാധിപത്യ മുന്നണിയും , കോൺഗ്രസ്, ബി.ജെ.പി. പാർട്ടികളും ചില പ്രചരണങ്ങൾ നടത്തുന്നുണ്ട്. ഇടുക്കി ജില്ലയിൽ കാലങ്ങളായി യു.ഡി.എഫ്. ഭരിച്ച കോൺഗ്രസ് ഭരിച്ച സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോൾ ഞങ്ങൾ ഏറ്റെടുത്ത് എങ്ങനെ രക്ഷപെടുത്താം എന്ന് നോക്കിയിട്ടുണ്ട്.
ആ സ്ഥാപനത്തെ എങ്ങനെയേലും രക്ഷപെടുത്താനും സഹകാരികളുടെ താത്പര്യം സംരക്ഷിക്കാനുമാണ് വി.ആർ. സജിയും സജി നേതൃത്വത്തിലുള്ള ഭരണ സമിതിയും ശ്രമിച്ചത്. സാബു പണം ചോദിച്ചു വന്നപ്പോൾ ബാങ്കിൽ പണം ഇല്ലായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തത് ഇടതുപക്ഷത്തിന്റെ തലയിൽ വെക്കാൻ ശ്രമമുണ്ട്.
അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് അതിയായ ദു: ഖമുണ്ട്. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള യാതൊരു പ്രകോപനവും ബാങ്ക് ഭരണസമിതിയുടേയോ വി.ആർ. സജിയുടേയൊ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ അതിന്റെ എല്ലാ വശവും പരിശോധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഒട്ടേറെ ബാങ്കുകൾ കോൺഗ്രസ് ഭരിച്ചു മുടിച്ച് പ്രതിസന്ധിയിലാക്കി. ഇത് ഏറ്റെടുത്ത് ഞങ്ങൾ നന്നായി നടത്താൻ പരിശ്രമിക്കുകയാ. ഇടുക്കിയിൽ നിരവധി ബാങ്കുകളിൽ ഇങ്ങിനെ ഇടതുപക്ഷം പരിശ്രമിക്കുന്നുണ്ട്. സാബുവെന്ന മാന്യ സുഹൃത്ത് ആത്മഹത്യ ചെയ്തതിൽ ഖേദമുണ്ട്.
അതുകൊണ്ടൊന്നും ബാങ്കിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിന്നും ഞങ്ങൾ പിന്നോട്ടില്ല. വി.ആർ. സജിയുടെയോ ഇടതു പ്രവർത്തകരുടെയോ ഭാഗത്തു നിന്നും അദ്ദേഹം ആത്മഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനം ഉണ്ടായിട്ടില്ല. ഇതൊന്നും ഞങ്ങളുടെ തലയിൽ കെട്ടിവെയ്ക്കാൻ നോക്കേണ്ട.
അദ്ദേഹത്തിന് എന്തെങ്കിലും മാനസികാസ്വാസ്ഥ്യം ഉണ്ടോ ഡോക്ടറെ കണ്ടിട്ടുണ്ടോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. ബാങ്കിലെ പണം കിട്ടിയില്ല എന്നതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കണം.
വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയിൽ കെട്ടിവയ്ക്കാൻ ഒരുത്തനും ശ്രമിക്കേണ്ട. ബി.ജെ.പി.യും കോൺഗ്രസും ഞങ്ങളെ മെക്കിട്ട് കേറാൻ വരണ്ട. അദ്ദേഹത്തിന്റെ കുടുംബത്തോട് എന്ത് സഹായവും ചെയ്യാൻ ഞങ്ങൾ സന്നദ്ധരായിരിക്കും. ഏത് പുല്ലനായാലും ഇതൊന്നുമായി വരേണ്ട” എന്നും മണി പറഞ്ഞു.
ഡിസംബർ 20 നാണ് കട്ടപ്പമന മുളങ്ങാശേരിൽ സാബു തോമസ് കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം നൽകാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സാബുവിന്റെ കുറിപ്പും കണ്ടെടുത്തിരുന്നു
English Summary :
M.M. Mani’s gunman allegedly stayed illegally in the KSEB IB (Inspection Bungalow) room at Chithirapuram, Munnar, for 1,198 days. The unauthorized stay reportedly began during the tenure of M.M. Mani as the Electricity Minister and MLA.