കൊടകരയിൽ കുഴൽപ്പണം കവർന്ന ശേഷം പ്രതികൾ ആഢംബര ജീവിതം നയിച്ചു. തട്ടിയെടുത്ത മൂന്നര കോടി രൂപയിൽ 1.4 കോടി രൂപ ധൂർത്തടിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു. കവർച്ചക്ക് പിന്നാലെ പ്രതികൾ ആഢംബര ഹോട്ടലുകളിൽ താമസിക്കുകയും വിലകൂടിയ കാറുകളിൽ യാത്ര ചെയ്യുകയും വേണ്ടപ്പെട്ടവർക്ക് പണം നൽകുകയും ചെയ്തു.
30.29 ലക്ഷം രൂപക്കാണ് പ്രതികൾ സ്വർണം വാങ്ങിയത്. ഭാര്യക്കും ബന്ധുക്കൾക്കുമായാണ് സ്വർണം വാങ്ങി നൽകിയത്. ഈ സ്വർണം പോലീസ് കണ്ടെടുത്ത് തൊണ്ടിമുതലായി വകയിരുത്തി.
കൊടകര കുഴൽപ്പണക്കേസിലെ കുറ്റപത്രത്തിലാണ് തട്ടിയെടുത്ത പണം പ്രതികൾ ചിലവഴിച്ചതിനെ കുറിച്ച് വ്യക്തമാക്കുന്നത്. കവർച്ചയ്ക്കുശേഷം പണം പങ്കിട്ടുകഴിഞ്ഞ് മൂന്നാംപ്രതി രഞ്ജിത്ത് കവർച്ചപ്പണത്തിൽ 17 ലക്ഷം ഭാര്യയായ ദീപ്തിക്ക് നൽകി. പത്താംപ്രതി ഷാഹിദ് കവർച്ചപ്പണത്തിൽ പത്തുലക്ഷം ഭാര്യ ജിൻഷയ്ക്ക് നൽകി. ഇതിൽ ഒൻപതുലക്ഷം ജിൻഷ ഉമ്മൂമ്മയ്ക്ക് നൽകി. ഇതിൽ ചെലവാക്കാതെ ബാക്കിയായ പണം പോലീസ് തിരിച്ചുപിടിച്ചു.
പണത്തിൽ തങ്ങളുടെ വീതം കിട്ടിയതിന് പിന്നാലെ 15-ാം പ്രതിയായ ഷിഗിൽ 22-ാം പ്രതിയായ റാഷിദുമൊത്ത് കുളു, മണാലി, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളിൽ പോകുകയും താമസിക്കുകയും ചെയ്തു. 13-ാം പ്രതി അബ്ദുൾസലാം, 16-ാം പ്രതി റഷീദ്, 17-ാം പ്രതി റൗഫ് എന്നിവർ കവർച്ചയ്ക്കുശേഷം കർണാടകത്തിലെ കുടകിൽ താമസിച്ചുവെന്നും പൊലീസ് കണ്ടെത്തി.
English summary : Luxurious life of accused after robbing pipe money in Kodakara ; Police recovered the unspent money