ആനച്ചാലിൽ ലോറി കുടുങ്ങി; കുടുങ്ങി മൂന്നാറിലെത്തിയ സഞ്ചാരികളും
മൂന്നാർ ആനച്ചാലിൽ കൊടുംവളവിൽ ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ആനച്ചാൽ ടൗണിന് സമീപത്താണ് സംഭവം. ഭാരം കയറ്റി വന്ന ലോറി പെട്രോൾ പമ്പിന് സമീപത്തെ തിരക്കേറിയ ഭാഗത്ത് കുടുങ്ങുകയായിരുന്നു.
ഇതേ തുടർന്ന് ആനച്ചാൽ-മൂന്നാർ റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കുത്തനെയുള്ള കയറ്റത്തിലാണ് ലോറി കുടുങ്ങിയത്. പിന്നോട്ട് ഉരുളാതിരുന്നതുകൊണ്ട് വൻ അപകടം ഒഴിവായി.
ആനച്ചാലിൽ ലോറി കുടുങ്ങി; കുടുങ്ങി മൂന്നാറിലെത്തിയ സഞ്ചാരികളും
എങ്കിലും വിനോദ സഞ്ചാരികൾ ഉൽപ്പെടെയുള്ള യാത്രക്കാർ ഇതോടെ ബ്ലോക്കിൽ കുരുങ്ങി. പിന്നീട് ലോറി പാതയോരത്തേക്ക് നീക്കി ഒറ്റവരി ഗതാഗതം പുനസ്ഥാപിച്ചു.
മൂന്നാറിന്റെ പ്രവേശന കവാടമെന്ന് അറിയപ്പെടുന്ന ആനച്ചാലിൽ വലിയ ഗതാഗതക്കുരുക്ക് പതിവാണ്. ഇരുട്ടുകാനം-രണ്ടാംമൈൽ ബൈപ്പാസ് റോഡിലെ കൊടും വളവുകളാണ് ഗതാഗതക്കുരുക്കിന് പ്രധാനകാരണം.
മുപ്പത് വർഷത്തിലേറെയായി റോഡിന്റെ വീതി വർധിപ്പിച്ചിട്ടില്ല. നൂറുകണക്കിന് റിസോർട്ടുകളാണ് പ്രദേശത്തുള്ളത്. കൂടാതെ നിരവധി അമ്യൂസ്‌മെന്റ് പാർക്കുകളും മറ്റ് വിനോദോപാധികളുണ്ട്.
വിനോദസഞ്ചാരികളുടെത് ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന പ്രദേശത്തുകൂടി കടന്നുപോകുന്നത്. ശങ്കുപ്പടി, ആനച്ചാൽ ടൗൺ, ആൽത്തറ ജങ്ഷൻ തുടങ്ങിയ ഭാഗങ്ങളിലാണ് ഏറ്റവും അധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
സീസൺ തുടങ്ങുന്നതോടെ പ്രശ്‌നം അതിരൂക്ഷമാകും. ഇരുട്ടുകാനം രണ്ടാംമൈൽ റോഡ് വീതി കൂട്ടി പുനർ നിർമിച്ചാൽ മാത്രമേ ഗതാഗതകുരുത്തിന് പരിഹാരമാകൂ. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ല.









