ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് തുടങ്ങി. 11 സംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. രാവിലെ ഏഴരയോടെ അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മോദിയെ സ്വീകരിച്ചു. രാജ്യത്തെ കഴിയാവുന്നത്ര ആളുകൾ വോട്ട് ചെയ്യണമെന്നും ഇനിയും നാല് ഘട്ട വോട്ടെടുപ്പ് നമ്മുക്ക് മുന്നിലുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മോദി പ്രതികരിച്ചു. എൻ.സി.പി നേതാവ് അജിത് പവാറും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി.
ബി.ജെ.പിയുടെ പല പ്രമുഖ സ്ഥാനാർഥികളും മൂന്നാംഘട്ടത്തിൽ മത്സര രംഗത്തുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നും രണ്ടാംതവണ ജനവിധി തേടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇവരിലെ പ്രമുഖൻ. ജോതിരാദിത്യസിന്ധ്യ, മൻസുഖ് മാണ്ഡവ്യ, പ്രഹ്ലാദ് ജോഷി എന്നിവരും മൂന്നാംഘട്ടത്തിൽ ബി.ജെ.പിക്കായി മത്സര രംഗത്തുണ്ട്.
അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7), ഗോവ (2), ഗുജറാത്ത് (25), കര്‍ണാടക (14), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമബംഗാള്‍ (4) സംസ്ഥാനങ്ങള്‍ക്കുപുറമേ കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി (2), ദാമന്‍ ആന്‍ഡ് ദിയു (2) എന്നിവിടങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.