മലപ്പുറം: ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. മുൻ എം.എൽ.എ പി.വി അൻവറിന്റെ ഇടപെടലാണ് ഭരണം നഷ്ടമാകുന്നതിന് ഇടവരുത്തിയത്. എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഒമ്പതിനെതിരെ 11 വോട്ടുകൾക്കാണ് പാസായത്. എൽ.ഡി.എഫ് അംഗം നുസൈബ യു.ഡി.എഫിനെ പിന്തുണച്ചതോടെയാണ് ഇടതുമുന്നണിയുടെ ഭരണം നഷ്ടമാകുന്നതിലേക്ക് നയിച്ചത്.
11 വർഷത്തിനുശേഷം 2022ലാണ് ചുങ്കത്തറ പഞ്ചായത്ത് ഭരണം സി.പി.എം തിരിച്ചു പിടിച്ചത്. ലീഗ് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച എം.കെ. നജ്മുന്നീസയുടെ പിന്തുണയോടെ ഒമ്പതിനെതിരെ 11 വോട്ട് നേടിയാണ് സി.പി.എമ്മിന് ഭരണം ലഭിച്ചത്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 10 വീതം സീറ്റുകൾ നേടി പഞ്ചായത്തിൽ ഇരുപക്ഷവും തുല്യരായെങ്കിലും പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ വത്സമ്മ സെബാസ്റ്റ്യന് നറുക്ക് വീണതോടെ അവർ പ്രസിഡൻറാവുകയായിരുന്നു.