തിരുവനന്തപുരം: ഫോൺ എടുത്താൽ ഓൺലൈൻ തട്ടിപ്പിനെതിരേ ബോധവത്കരണം മാത്രമെ കേൾക്കാനുള്ളു. എന്നിട്ടും കഴിഞ്ഞവർഷം മലയാളികളിൽനിന്ന് തട്ടിപ്പുകാർ പറ്റിച്ചെടുത്തത് 763 കോടി രൂപ. തട്ടിപ്പ് മനസ്സിലായ ഉടനെ പരാതി നൽകിയത് വഴി 107.55 കോടി രൂപ തിരിച്ചുപിടിക്കാനായെന്നും റിപ്പോർട്ടിൽ പറയുന്നു.
അര ലക്ഷത്തോളം വരുന്ന തട്ടിപ്പുകളിൽ കൂടുതലും ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിലൂടെയായിരുന്നു എന്നാണ് റിപ്പോർട്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാജ വെബ്‌സൈറ്റിലൂടെയുമുള്ള ജോലിവാഗ്ദാനത്തിൽ കുടുങ്ങി 1503 പേർക്ക് ഒരു ലക്ഷത്തിനുമേൽ തുക നഷ്ടമായെന്നാണ് സംസ്ഥാന സൈബർ ക്രൈം വിഭാഗത്തിന്റെ കണക്കുകൾ പറയുന്നു. ഇക്കാലയളവിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെയും വൻതോതിൽ കബളിക്കൽ നടന്നു.
വ്യാജ ആപ്പുകളിലൂടെ ഇരട്ടിയും അതിലധികവും ലാഭം വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ വീണുപോയതിൽ പോലീസുകാരും ജഡ്ജിയും അഭിഭാഷകരും ഡോക്ടർമാരുമൊക്കെയുണ്ട്. 1487 പേർക്കാണ് ഇങ്ങിനെ പണം നഷ്ടമായത്. ഒരു കോടി രൂപയുൾപ്പടെ നഷ്ടമായ കേസുകൾ കഴിഞ്ഞവർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
ഡിജിറ്റൽ അറസ്റ്റിനെതിരേയാണ് ഇന്ത്യയിൽ വ്യാപകമായ രീതിയിൽ ബോധവത്കരണം നടക്കുന്നതിനിടെയാണ് ഇത്രയും തുക തട്ടിയെടുത്തത്. കേന്ദ്ര അന്വേഷണ ഏജൻസികളോ സംസ്ഥാന ഏജൻസികളോ ഇത്തരത്തിലുള്ള അറസ്റ്റോ നടപടികളോ നടത്താറില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും 305 തട്ടിപ്പുകൾ വീണ്ടും അരങ്ങേറി. ഡിജിറ്റൽ അറസ്റ്റിലായശേഷം സഹോദരിവഴി പണം കൈമാറിയ ഡോക്ടർ ഉൾപ്പടെയുള്ളവർക്ക് വൻതുകയാണ് നഷ്ടമായത്.
ലോൺ ആപ്പ്, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ്, തിരിച്ചറിയൽ വിവരം മോഷ്ടിച്ചുള്ളവ, ഫോണിന്റെ നിയന്ത്രണം കൈക്കലാക്കിയുള്ളവ എന്നീ രീതികളിലും തട്ടിപ്പുകൾക്ക് കുറവില്ല.
പണം നഷ്ടമായവർ
ഐ.ടി. വിദഗ്‌ധർ – 231
ഡോക്ടർമാർ- 119
സർക്കാർ ഉദ്യോഗസ്ഥർ- 112
ബാങ്ക് ഉദ്യോഗസ്ഥർ- 62
അക്കൗണ്ടന്റുമാർ- 51
സ്വകാര്യസ്ഥാപന ജീവനക്കാർ- 618
അഭിഭാഷകർ- 34
ഡിസംബർ 31വരെ ലഭിച്ച പരാതികൾ 41,425
കേസെടുത്തത് 3457