ലഷ്‌കര്‍ ശൃംഖല തകര്‍ത്തു; 2 പാക് ഭീകരര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍, ആയുധശേഖരം പിടിച്ചെടുത്തു
ശ്രീനഗര്‍: പാകിസ്ഥാന്‍ ആസ്ഥാനമായ നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തയ്ബയുമായി ബന്ധപ്പെട്ട ഭീകര ശൃംഖല ജമ്മു കശ്മീര്‍ പൊലീസ് തകര്‍ത്തു. രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
16 വര്‍ഷം മുമ്പ് ഇന്ത്യയിലെത്തി ലഷ്‌കറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന അബ്ദുള്ള എന്ന അബു ഹുറൈറയും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഉസ്മാന്‍ എന്ന ഖുബൈബും മറ്റൊരു പാക് ഭീകരനാണ്.
ശ്രീനഗര്‍ സ്വദേശികളായ മുഹമ്മദ് നഖീബ് ഭട്ട്, ആദില്‍ റാഷിദ് ഭട്ട്, ഗുലാം മുഹമ്മദ് മിര്‍ എന്നിവരും അറസ്റ്റിലായി. ഇവര്‍ ഭീകരര്‍ക്ക് താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയതായി കണ്ടെത്തി.
രാജസ്ഥാന്‍, ഹരിയാന ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളില്‍ ഒരേസമയം നടത്തിയ റെയ്ഡുകളിലൂടെയാണ് ശൃംഖല പൊളിച്ചടുക്കിയത്. പിടിയിലായ പാക് ഭീകരര്‍ ‘എ’ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയവരാണെന്ന് പൊലീസ് അറിയിച്ചു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ജമ്മു കശ്മീര്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ശൃംഖല വികസിപ്പിക്കുന്നതില്‍ ഇവര്‍ പ്രധാന പങ്കുവഹിച്ചു.
പരിശോധനയില്‍ എകെ-47, എകെ-ക്രിങ്കോവ് റൈഫിളുകള്‍, പിസ്റ്റളുകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ഏകദേശം 40ഓളം വിദേശ ഭീകരരെ ഇവര്‍ നിയന്ത്രിച്ചിരുന്നതായും, ഇവരില്‍ പലരും സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.
കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
English Summary
Jammu & Kashmir Police busted a Lashkar-e-Taiba terror network, arresting five people including two Pakistani militants. One of them, Abu Huraira alias Abdullah, had been operating in India for 16 years.









