ഇടുക്കി അണക്കരയിൽ നിന്നും ഫേസ്ബുക്ക് കാമുകനെ തേടി വീടുവിട്ടു പോയ പെൺകുട്ടിയുടെ കൂടെപ്പോയ പെൺകുട്ടികളെ വണ്ടൻമേട് പോലീസ് തിരികെ വീട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് അണക്കര സ്വദേശിനി കാമുകനെ കാണാനായി വീടു വിട്ടു പോയത്.
കടയിൽ പോകുന്നു എന്നു പറഞ്ഞു വീടുവിട്ടിറങ്ങിയ കുട്ടികളെ പിന്നാലെ കാണാതാകുകയായിരുന്നു. തുടർന്ന് വണ്ടൻമേട് പോലീസ് നടത്തിയ തിരച്ചിലിൽ 24 മണിക്കൂറിനുള്ളിൽ പെൺകുട്ടികളെ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ കഥയിങ്ങനെ
കടയിൽ പോയ കുട്ടികളെ കാണാതായതോടെ വൈകീട്ട് വീട്ടുകാർ വണ്ടൻമേട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിൽ തമിഴ്‌നാട്ടിലെ തേനി ബസ് സ്റ്റാൻഡിന് സമീപത്തുനിന്നും കുട്ടികളെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് കുട്ടികളെ വണ്ടൻമേട് സ്റ്റേഷനിൽ എത്തിച്ചു. ഏഴു കുട്ടികളിൽ ഒരാൾ പ്രായപൂർത്തിയായ ആളാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അടുപ്പത്തിലായ യുവാവിനെ കാണുന്നതിന് വേണ്ടിയാണ് ഈ പെൺകുട്ടി തമിഴ്‌നാടിന് പോയതെന്ന് വീട്ടുകാർ പറഞ്ഞു.
ഈ പെൺകുട്ടിക്ക് പിന്നാലെ ബന്ധുക്കളും അയൽവാസികളുമായ മറ്റ് ആറ് കുട്ടികൾ കൂട്ടു പോകുകയായിരുന്നു. വണ്ടൻമേട് എസ്.എച്ച്.ഒ. എ. ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ബിനോയ് എബ്രഹാം, എ.എസ്.ഐ. കെ.ടി.റെജിമോൻ , എസ്.സി.പി.ഒ. മാരായ ജയ്‌മോൻ മാത്യു, പ്രശാന്ത് മാത്യു, സി.പി.ഒ.മാരായ സാൻജോ മോൻ കുര്യൻ, പി.ആർ. ജിഷ പിആർ, എ.രേവതി എന്നിവരടങ്ങിയ സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.