പൊട്ടക്കിണറ്റിൽ കൂരിരുട്ടിൽ രക്ഷാകരങ്ങൾ തേടി യമുന അലറിവിളിച്ചത് 12 മണിക്കൂർ
പൊട്ടക്കിണറ്റിൽ രക്ഷാകരങ്ങൾ തേടി യമുന (53) അലറിവിളിച്ചത് 12 മണിക്കൂറാണ്. ഒടുവിൽ കാണാതായ പറയാതെ തേടിയിറങ്ങിയ ഭർത്താവ് ദിലീപിന്റെ കാതുകളിൽ തന്നെ ആ നിലവിളിയെത്തി.
ചൊവ്വാഴ്ച രാവിലെ പതിനൊന്നുമുതൽ രാത്രി 11 വരെ യമുനയ്ക്കു വേണ്ടി നടത്തിയ തിരച്ചിലിനു ഒടുവിൽ ശുഭാന്ത്യം. നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ആശ്വാസത്തിൽ.
നീലേശ്വരം റോഡിൽ ലോട്ടറിക്കട നടത്തുന്ന കൊട്ടാരക്കര െറയിൽവേ മേൽപ്പാലത്തിനു സമീപം ശിവവിലാസത്തിൽ യമുനവീട്ടിൽ പ്രഭാതഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് ഉഗ്രൻകുന്നിലേക്കു പോയത്.
നടുവേദന സംഹാരിയായ നെയ്‌വള്ളി തേടിയാണ് രാവിലെ പതിനൊന്നോടെ സ്കൂട്ടറിൽ സ്ഥലത്തെത്തിയത്.
മരുന്ന് തേടുന്നതിനിടെ, ആളൊഴിഞ്ഞ മേഖലയിലെ വീട്ടുവളപ്പിൽ തകരഷീറ്റുകൊണ്ടു മറച്ചിട്ടിരുന്ന ഉപയോഗശൂന്യമായ കിണറ്റിലേക്ക് വീണു. വെള്ളമില്ലാത്ത കിണറ്റിൽ വീണതോടെ കുറേനേരം സഹായത്തിനായി ഉറക്കെവിളിച്ചു.
ക്ഷീണിച്ചു തളർന്ന് എപ്പോഴോ മയങ്ങി, മഴത്തുള്ളികൾ വീണപ്പോഴാണ് ഉണർന്നത്, ഇതോടെ നനഞ്ഞു വിറച്ചു, വീണ്ടും പ്രതീക്ഷയോടെ വിളിതുടർന്നു. ആകാശം കാണാത്തവിധം ഇരുട്ടുപരന്നതോടെ ആശങ്കയായി.
ഇതിനിടെ, പുനലൂരിൽ ടൈൽസ് പണിക്കു പോയിരുന്ന ദിലീപിനെ സഹോദരനാണ് യമുനയെ കാണാനില്ലെന്ന വിവരം വൈകീട്ട് അഞ്ചോടെ അറിയിച്ചത്.
ഭർത്താവ് ദിലീപ് തേടിവരുമെന്ന വിശ്വാസം കൈവിട്ടില്ലെന്ന് യമുന പറയുന്നു. കൊട്ടാരക്കരയിലെത്തിയ ദിലീപും ബന്ധുക്കളും പട്ടണത്തിലും സമീപങ്ങളിലും ആകെ തിരഞ്ഞു. പോലീസിൽ പരാതി നൽകി.
എന്തു ചെയ്യണമെന്നറിയാതെയുള്ള ആലോചനയിലാണ് മുൻപ് വാടകയ്ക്കു കഴിഞ്ഞിരുന്ന ഉഗ്രൻകുന്ന് ഓർമ്മയിലെത്തിയത്. സുഹൃത്തിനെയുംകൂട്ടി ദിലീപ് അവിടെയെത്തുമ്പോൾ രാത്രി 11. പ്രതീക്ഷയോടെയുള്ള തിരച്ചിലിൽ റോഡരികിൽ സ്കൂട്ടർ കണ്ടു.
ടോർച്ച് തെളിച്ചു പരിശോധിക്കുന്നതിനിടെയാണ് ആരെങ്കിലും രക്ഷിക്കണേ എന്ന നേർത്ത കരച്ചിൽ കേൾക്കുന്നത്. ആദ്യ കേൾവിയിൽത്തന്നെ യമുനയുടെ ശബ്ദമാണെന്നു തിരിച്ചറിഞ്ഞു. അരണ്ട വെളിച്ചത്തിൽ ആഴങ്ങളിൽ കുനിഞ്ഞിരിക്കുന്ന യമുനയെ കണ്ടു.
വിളിച്ചപ്പോൾ തന്നെ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തേക്ക് സമയം ഒട്ടും പാഴാക്കാതെ ഓടിയെത്തി. . ഫയർ ആൻഡ് െറസ്‌ക്യു ഓഫീസർ വർണാനാഥൻ കിണറ്റിലേക്ക്. സുരക്ഷിതമായി വലയിലിരുത്തി യമുനയെ പുറത്തേക്കെടുക്കുമ്പോൾ സമയം രാത്രി 12.
വെറും 8 മിനിറ്റ്…! തൃശൂർ ആസ്ഥാനമായ ബാങ്കിനു നഷ്ടമായത് 10 കോടിയിലധികം വിലമതിക്കുന്ന സ്വർണവും പണവും
തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ മധ്യപ്രദേശിലെ ശാഖയിൽ വൻ കവർച്ച നടന്നു. മധ്യപ്രദേശിലെ ഖിതോല ഗ്രാമത്തിലുള്ള ബാങ്കിലാണ് സംഭവം.
ബാങ്കിൽ മൂന്നു ആയുധധാരികൾ വെറും എട്ട് മിനിറ്റിനുള്ളിൽ 10 കോടിയിലധികം വിലമതിക്കുന്ന സ്വർണവും പണവും കവർന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
തിങ്കളാഴ്ച രാവിലെ കൃത്യം 9 മണിയോടെ ജബൽപൂർ ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയുള്ള സിഹോറ പ്രദേശത്താണ് സംഭവം. ബാങ്ക് തുറന്ന് ജീവനക്കാർ ദിവസേനയുടെ ജോലികൾ ആരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം.
മോട്ടോർസൈക്കിളിൽ എത്തിയ സംഘം സുരക്ഷാ ജീവനക്കാരൻ ഇല്ലാത്ത മുഖ്യ കവാടം വഴി അകത്ത് കടന്നു. തുടർന്ന് ഓരോരുത്തരായി ബാങ്കിൽ പ്രവേശിച്ച് ആറു ജീവനക്കാരെ നാടൻ തോക്കുകൾ ചൂണ്ടി ഭീഷണിപ്പെടുത്തി.
“ആരെങ്കിലും ശബ്ദമുണ്ടാക്കുകയോ പൊലീസിനെ വിളിക്കാൻ ശ്രമിക്കുകയോ ചെയ്താൽ വെടിവയ്ക്കും” എന്നായിരുന്നു സംഘത്തിന്റെ മുന്നറിയിപ്പ്.
തുടർന്ന് സംഘം 10 കോടിയിലധികം വിലമതിക്കുന്ന സ്വർണവും പണവും കവർന്നു കടന്നുകളയുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എസ്‌ബിഐക്ക് 1,72,80,000 രൂപ പിഴയിട്ട് റിസർവ് ബാങ്ക്
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ജന സ്മോൾ ഫിനാൻസ് ബാങ്കിനുംപിഴയിട്ട് റിസർവ് ബാങ്ക്. ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഈ രണ്ട് ബാങ്കുകളും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.
എസ്‌ബിഐക്ക് 1,72,80,000 രൂപയാണ് പിഴ. ജന സ്മോൾ ഫിനാൻസ് ബാങ്കിന് ഒരു കോടി രൂപയും.
വായ്പ, മുൻകൂർ വായ്പ എന്നിവ നൽകുന്നതിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതിരിക്കുക, കറന്റ് അക്കൗണ്ടുകൾ തുറക്കുന്നതിലെ വീഴ്ചകൾ എന്നിവ കാരണമാണ് എസ്‌ബിഐക്ക് പിഴ ചുമത്തിയത്.
അതേസമയം, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ ചില വ്യവസ്ഥകൾ ലംഘിച്ചതിനാണ് ജന സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തിയത്.
രണ്ട് സാഹചര്യങ്ങളിലും, ഈ രണ്ട് ബാങ്കുകളും നേരിട്ട നടപടി ആർബിഐയുടെ നിർദേശങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ബാങ്കുകൾ അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ഇത് ബാധിക്കുന്നില്ല എന്ന് ആർബിഐ അധികൃതർ പറഞ്ഞു.