കണ്ണൂർ: പട്ടികജാതി വികസന വകുപ്പ് ജില്ല ഓഫിസിനു മുന്നിൽ ഒന്നാം റാങ്കുകാരി സൗമ്യ നടത്തിയ കുത്തിയിരിപ്പ് സമരം ഫലം കണ്ടു. അഡ്വൈസ് മെമ്മോയുടെ കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെ ബുധനാഴ്ച ഉച്ചക്ക് മൂന്നരയോടെ പട്ടികജാതി വികസന വകുപ്പ് ജില്ല ഓഫിസ് ജീവനക്കാരൻ സമരം നടത്തുന്ന സൗമ്യക്കരികിലെത്തി നിയമന ഉത്തരവ് കൈമാറി.
ജില്ല പട്ടികജാതി വികസന ഓഫിസിൽ ആയ തസ്തികയിൽ വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കും. ജോലിക്കാര്യം തീരുമാനമാകാത്തതിനാൽ സൗമ്യ രണ്ടാഴ്ചയായി കുത്തിയിരിപ്പ് സമരം തുടരുകയായിരുന്നു.
ആയ നിയമനത്തിനുള്ള പി.എസ്.സി ലിസ്റ്റിലെ ഒന്നാം റാങ്കുകാരിയായ കൂത്തുപറമ്പ് പാട്യത്തെ എൻ. സൗമ്യ നാണു പി.എസ്.സി അയച്ച അഡ്വൈസ് മെമ്മോ ജനുവരി നാലിനാണ് കൈപ്പറ്റിയത്. ജനുവരി 15 ആയിട്ടും നിയമന ഉത്തരവ് കിട്ടാതായതോടെ അന്വേഷണം തുടങ്ങി. പെരിങ്ങോത്ത് തുടങ്ങുന്ന മോഡൽ റെസിഡന്റ്സ് സ്കൂളിൽ ആയ തസ്തികയിലേക്കാണ് സൗമ്യക്ക് അഡ്വൈസ് മെമ്മോ നൽകിയത്. ഇവിടെ ഒരു ക്ലർക്കിനെയും വാച്ച്മാനെയും നിയമിച്ചിട്ടുണ്ട്. അതിനുശേഷം സ്ഥാപനം എസ്.ടി വികസന വകുപ്പ് താൽക്കാലികമായി കൈമാറി. ഇതിലെ സാങ്കേതികത്വമാണ് സൗമ്യയുടെ നിയമനം അനിശ്ചിതത്വത്തിലാക്കിയത്.
യഥാസമയം പട്ടിക വികസന വകുപ്പ് പി.എസ്.സിയെ അറിയിച്ചിരുന്നില്ല. അതിനകം ലിസ്റ്റിലെ രണ്ടും മൂന്നും റാങ്കുകാരെ മറ്റിടത്ത് നിയമിക്കുകയും ചെയ്തു. നിരന്തരം അന്വേഷണം നടത്തിയിട്ടും ജോലിക്കാര്യം തീരുമാനമാകാതായതോടെയാണ് ജില്ല ഓഫിസിനു മുന്നിലെത്തി കുത്തിയിരിക്കാൻ തുടങ്ങിയത്. വ്യാഴാഴ്ചയോടെ പ്രശ്നത്തിന് ഒരു തീരുമാനമായില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല നിരാഹാരസമരം നടത്താനായിരുന്നു തീരുമാനം.