വാഹനത്തകരാർ പരിഹാര രജിസ്റ്റർ കെ.എസ്.ആർ.ടി.സി. നിർബന്ധിതമാക്കുന്നു. തകരാറുകൾ പരിഹരിക്കാത്ത ബസുകൾ നിരത്തുകളിൽ തുടർച്ചയായി അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ജീവനക്കാർ അറിയിക്കുന്ന തകരാറുകൾ പരിശോധിച്ച് ബസുകളുടെ അറ്റകുറ്റപ്പണിയിൽ കൂടുതൽ ശ്രദ്ധവയ്ക്കാനുള്ള നിർദേശമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. KSRTC to make vehicle accident redressal register mandatory.
കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്ത നൂറുകണക്കിന് കെ.എസ്.ആർ.ടി.സി.ബസുകളാണ് നിരത്തുകളിൽ ഓടുന്നത്. അന്തസ്സംസ്ഥാന സർവീസുകൾക്കുപോലും ഇത്തരം ബസുകൾ നൽകാറുണ്ട്. ഇവ അപകടത്തിൽപ്പെടുന്നത് പതിവാണ്. തകരാറിലായ ബസുകൾ ഓടിക്കാൻ നിർബന്ധിക്കുന്നത് ജീവനക്കാരും യൂണിറ്റ് അധികൃതരും തമ്മിലുള്ള തർക്കങ്ങൾക്കും വഴിവയ്ക്കുന്നു.
തകരാറുകൾ എന്തെല്ലാമെന്ന് കൃത്യമായി വർക്‌ഷോപ്പ് അധികൃതരെ ധരിപ്പിച്ചാലും അവ പരിഹരിക്കാറില്ലെന്നാണ് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പരാതി. സാങ്കേതികത്തകരാറുള്ള ബസുകൾ അപകടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇപ്പോഴത്തെ നടപടി.
ഇളകിവീഴുന്ന വാതിലുകളും തകരാറിലായ ബ്രേക്കും വൈപ്പറുമെല്ലാമായി ബസ് ഓടിക്കേണ്ടിവരുന്നതായി ഇവർ പറയുന്നു. സ്പെയർ പാർട്സും, വർക്‌ഷോപ്പുകളിൽ വേണ്ടത്ര സൗകര്യങ്ങളും ജീവനക്കാരും ഇല്ലാത്തതാണ് അറ്റകുറ്റപ്പണികൾ കൃത്യമായി നിർവഹിക്കാൻ കഴിയാത്തതിനു കാരണമായി മെക്കാനിക്കൽ വിഭാഗം അധികൃതർ ചൂണ്ടിക്കാട്ടുന്നത്.