കെ.എസ്.ആർ.ടി.സിയിൽ ‘തത്സമയ’ നിരക്ക് വർധന വരുന്നു
തിരുവനന്തപുരം ∙ യാത്രക്കാരുടെ തിരക്ക് മുൻകൂട്ടി കണക്കാക്കി നിരക്ക് നിശ്ചയിക്കുന്ന ‘ഫ്ലക്സി ഫെയർ’ സംവിധാനത്തിൽ വലിയ മാറ്റങ്ങളുമായി കെ.എസ്.ആർ.ടി.സി.
ദീർഘദൂര സർവിസുകളിലാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്.
ഇതുവരെ തിരക്ക് കൂടുതലുള്ള വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നിരക്ക് 30 ശതമാനം വരെ വർധിപ്പിക്കുകയും യാത്രക്കാർ കുറയുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 15 ശതമാനം വരെ കുറയ്ക്കുകയും ചെയ്യുന്ന സംവിധാനമായിരുന്നു നിലവിലുണ്ടായിരുന്നത്.
എന്നാൽ ഇനി മുതൽ ദിവസങ്ങൾ പരിഗണിക്കാതെ, യഥാർത്ഥ സമയത്തെ തിരക്കനുസരിച്ച് നിരക്ക് ഉയർത്തുകയോ കുറയ്ക്കുകയോ ചെയ്യുന്ന ‘ഡൈനാമിക് റിയൽ ടൈം ഫ്ലക്സി ഫെയർ’ സംവിധാനം കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകളിൽ നടപ്പാക്കും.
കെ.എസ്.ആർ.ടി.സിയിൽ ‘തത്സമയ’ നിരക്ക് വർധന വരുന്നു
ഇതോടെ ചില ഞായറാഴ്ചകളിൽ പോലും നിരക്ക് കുറയാൻ സാധ്യതയുണ്ടാകും. അതേസമയം, സാധാരണയായി യാത്രക്കാർ കുറവായ ചൊവ്വാഴ്ചകളിൽ പോലും കുത്തനെ നിരക്ക് ഉയരാനും സാധ്യതയുണ്ടാകും.
2018ൽ ആരംഭിച്ച ഫ്ലക്സി ഫെയർ സംവിധാനത്തിൽ നിന്നുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ലാഭം വർധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി പുതിയ നീക്കം നടത്തുന്നത്.
ഓരോ ബസിലെയും റിസർവേഷൻ ബുക്കിങ് നിരീക്ഷിച്ച ശേഷമായിരിക്കും നിരക്ക് നിശ്ചയിക്കുക. ഇതിനായി കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
വിവിധ ഡിപ്പോകളിൽ നിന്നുള്ള ബുക്കിങ് വിവരങ്ങളും യാത്രക്കാരുടെ എണ്ണവും തത്സമയം കൺട്രോൾ റൂമിലേക്ക് കൈമാറും.
റിസർവേഷൻ സൗകര്യമുള്ള ദീർഘദൂര ബസുകളിൽ ബുക്കിങ് കുറവാണെങ്കിൽ നിരക്ക് താഴ്ത്തും. മറിച്ച് ബുക്കിങ് വേഗത്തിൽ ഉയരുമ്പോൾ നിരക്കും അനുപാതികമായി വർധിപ്പിക്കും.
അതായത്, ഒരേ ദിവസത്തിൽ തന്നെ വ്യത്യസ്ത സമയങ്ങളിൽ ബുക്കിങ് നില മാറുന്നതിനനുസരിച്ച് നിരക്കിലും മാറ്റം സംഭവിക്കാം.
ഇതോടൊപ്പം, സീസണുകൾ കണക്കാക്കി മൂന്നുമാസം മുമ്പേ നിരക്ക് വർധനയോ കുറവോ പ്രഖ്യാപിക്കുന്ന നിലവിലെ സംവിധാനത്തിനും മാറ്റം വരും.
ഇനി മുതൽ ഓണം, വിഷു പോലുള്ള സീസണുകളിൽ എല്ലാ ദിവസങ്ങളിലും ഉയർന്ന നിരക്കായിരിക്കും എന്ന ഉറപ്പ് ഉണ്ടാകില്ല.
അതുപോലെ, ഓഫ് സീസണെന്ന് കരുതുന്ന കാലയളവിൽ പോലും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കണമെന്നില്ല. ഓരോ ദിവസത്തെയും യഥാർത്ഥ തിരക്കാണ് ഇനി നിരക്ക് നിശ്ചയിക്കുന്നതിലെ മാനദണ്ഡം.
ഫലത്തിൽ, സീസണോ ദിവസമോ പരിഗണിക്കാതെ തിരക്ക് നോക്കി ഏത് ദിവസവും നിരക്ക് ഉയർത്താനോ കുറയ്ക്കാനോ കെ.എസ്.ആർ.ടി.സിക്ക് പൂർണ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്.
എന്നാൽ ഡൈനാമിക് ഫ്ലക്സി ഫെയർ സംവിധാനം നടപ്പാക്കിയാലും സ്വകാര്യ ബസുകൾ ഈടാക്കുന്ന തരത്തിലുള്ള കൂറ്റൻ നിരക്ക് കെ.എസ്.ആർ.ടി.സി ഈടാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഉദാഹരണമായി, കഴിഞ്ഞ ദിവസം തിരുവനന്തപുരം–ബംഗളൂരു റൂട്ടിൽ സ്വകാര്യ ബസുകൾ 5,500 രൂപ വരെ ഈടാക്കിയപ്പോൾ കെ.എസ്.ആർ.ടി.സി 2,800 രൂപ മാത്രമാണ് ഈടാക്കിയത്.









