കോട്ടയം: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് നടുറോഡിൽ ചോര വാർന്നു കിടന്ന യുവാവിന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. ഇന്നലെ രാവിലെ 9.15ന് കോട്ടയം – കുമളി റോഡിൽ ചോറ്റി നിർമലാരം കവലയുടെ സമീപമായിരുന്നു അപകടം നടന്നത്. വണ്ടിപ്പെരിയാർ സ്വദേശി കൂടത്തിൽ അഭിജിത്തി (24) നാണ് പരിക്കേറ്റത്.(KSRTC Driver and conductor rescued man seriously injured in accident)
അഭിജിത്ത് ഓടിച്ച ബൈക്ക് ഓട്ടോയിലും മറ്റൊരു സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ മറ്റു വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും അവ നിർത്താതെ പോയതോടെ കെഎസ്ആർടിസി ബസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടം കണ്ടെങ്കിലും പല വാഹനങ്ങളും വേഗം കൂട്ടി കടന്നുപോയി.
കണ്ടക്ടർ കൂരോപ്പട സ്വദേശി ആലുങ്കൽപറമ്പിൽ ജയിംസ് കുര്യനും ഡ്രൈവർ ചെറുവള്ളി സ്വദേശി ഉതിരകുളത്ത് കെ.ബി.രാജേഷും ഇറങ്ങി മറ്റു യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ റോഡിൽ നിന്നു വശത്തേക്കു മാറ്റിക്കിടത്തി. ആശുപത്രിയിൽ എത്തിക്കാനായി വാഹനങ്ങൾക്കു കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല.
ഒടുവിൽ ഇരുവരും ചേർന്ന് യുവാവിനെ ബസിൽ കയറ്റി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ട്രിപ് അവസാനിക്കുന്ന മുണ്ടക്കയം ബസ് സ്റ്റാൻഡിനു മുൻപിൽ യാത്രക്കാരെ ഇറക്കി ബസ് ആശുപത്രിയിലേക്ക് പാഞ്ഞു. അപകടത്തിൽ അഭിജിത്തിന്റെ വാരിയെല്ല് ഒടിയുകയും കാലുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൃത്യസമയത്തുള്ള ഡ്രൈവറുടെയും കണ്ടക്ടറുടെയും ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണെത്തുന്നത്.