കൊല്ലം: കേന്ദ്രസർക്കാരിന്റെ ചട്ടമനുസരിച്ച് 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലോടിക്കരുതെന്നാണ്. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇത് നടപ്പാക്കി.
എന്നാൽ കേരളത്തില്‍ സംസ്ഥാന ഗതാഗത സെക്രട്ടറിയുടെ പ്രത്യേക ഓര്‍ഡറിലൂടെ നിരത്തില്‍ സര്‍വീസ് നടത്തുന്നത് കണ്ടം ചെയ്യേണ്ട ആയിരത്തില്‍ അധികം കെഎസ്ആര്‍ടിസി ബസുകളാണ്.
എന്നാല്‍, കാലാവധി അവസാനിക്കാത്ത നിരവധി ബസുകള്‍ പല ഡിപ്പോകളിലായി കട്ടപ്പുറത്ത് ഇരിക്കുന്നുമുണ്ട്. ഇത്തരത്തിൽ 178 കെഎസ്ആര്‍ടിസി ബസുകളാണ് ഫിറ്റ്‌നസ് ടെസ്റ്റ് പോലും നടത്താതെ കട്ടപ്പുറത്തായത്.
വാര്‍ഷിക ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാക്കാതെ ഡിപ്പോകളില്‍ കയറ്റിയിട്ടിരിക്കുന്ന ബസുകളില്‍ പലതും 15 വര്‍ഷം പൂര്‍ത്തിയാവാത്തവയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കാലാവധി അവസാനിച്ച് പരിവാഹനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും സാധിക്കാത്ത 1261 ബസുകള്‍ നിരത്തുകളില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
കാലപ്പഴക്കത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെല്ലാം ഈ ബസുകള്‍ക്കുണ്ട്. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് സമ്പാദിച്ചാണ് ഈ ബസുകള്‍ വിവിധ റൂട്ടുകളിൽ സര്‍വീസ് നടത്തുന്നത്.
മോട്ടോര്‍ വാഹന വകുപ്പില്‍ മാനുവലായി ഈ ബസുകളുടെ രജിസ്‌ട്രേഷന്‍ സൂക്ഷിക്കുന്നുണ്ട്. എന്നാൽ ഡിജിറ്റല്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പരിവാഹനില്‍ ഇവ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഈ ബസുകള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കാന്‍ കഴിയില്ല. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കാലാവധി അവസാനിക്കാത്ത ബസുകള്‍ കട്ടപ്പുറത്ത് തുടരുന്നത്.
നിലവിലെ കണക്ക് അനുസരിച്ച് 4500 ബസുകളും പ്രതിദിനം 3400 സര്‍വീസുകളുമാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. പ്രതിദിനം 18.5 ലക്ഷം യാത്രക്കാരാണ് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത്.
കേടുപാടുകളെ തുടര്‍ന്ന് സര്‍വീസ് നടത്താത്ത ബസുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരം ഡിപ്പോയ്ക്കാണ്. 15 ബസുകളാണ് ഇവിടെ കട്ടപ്പുറത്തുള്ളത്.
കോഴിക്കോട് പത്ത് ബസുകളും പാറശ്ശാലയില്‍ എട്ടും ബസുകളാണ് ഇത്തരത്തില്‍ കട്ടപ്പുറത്തിരിക്കുന്നത്. മെക്കാനിക്കല്‍ ജീവനക്കാരുടെ കുറവും സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭിക്കാത്തതുമാണ് ബസുകളുടെ കേടുപടുകള്‍ പരിഹരിക്കാന്‍ കഴിയാത്തതിന് കാരണമായി അധികൃതർ പറയുന്നത്.
കാലാവധി കഴിഞ്ഞിട്ടില്ലാത്തതും നിരത്തുകളില്‍ ഇറക്കാന്‍ പര്യാപ്തമായതുമായ ബസുകള്‍ അറ്റകുറ്റപ്പണികള്‍ ഉടൻ പൂര്‍ത്തിയാക്കി സിഎഫ് ടെസ്റ്റിന് അയയ്ക്കണമെന്ന് കഴിഞ്ഞ ഡിസംബര്‍ 17-ന് ഉത്തരവിറക്കിയിരുന്നു.
എന്നാല്‍, 178 ബസുകള്‍ ഇപ്പോഴും കട്ടപ്പുറത്ത് തന്നെതുടരുകയാണ്. ഈ ബസുകള്‍ വെള്ളിയാഴ്ചക്കകം അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി സിഎഫ് ടെസ്റ്റ് നടത്തണമെന്നാണ് ടെക്‌നിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നല്‍കിയിട്ടുള്ള പ്രത്യേക നിര്‍ദേശം.