തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു മുകളിലേക്ക് കൂറ്റന്‍ മരം വീണ് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച കാട്ടാക്കട നക്രാംചിറയ്ക്ക് സമീപത്തു വെച്ചാണ് സംഭവം.
അപകടത്തിൽ ബസ് കണ്ടക്ടര്‍ അടക്കം 15-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാട്ടാക്കട ഭാഗത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. മൂക്കിന് പരിക്കേറ്റ കണ്ടക്ടര്‍ സുനില്‍ദാസിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
അതെസമയം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. എട്ട് ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് ഉള്ളത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
എഴുപുന്നയിൽ റെയിൽവേ ട്രാക്കിലേക്ക് മരം പൊട്ടി വീണതിനെ തുടർന്ന് ആലപ്പുഴ–എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചു നീക്കാനുള്ള ജോലികൾ ആരംഭിച്ചു. ട്രാക്കിൽ മരം വീണതിനെ തുടർന്ന് നിരവധി ട്രെയിനുകൾ സ്റ്റേഷനുകളിൽ നിർത്തിയിട്ടു.