കൊച്ചി: എറണാകുളം കലക്‌ടറേറ്റിലെ വൈദ്യുതി ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. ഉടൻ ബില്ലടയ്ക്കാമെന്ന കലക്ടറുടെ ഉറപ്പിലാണ് കലക്‌ടറേറ്റിലെ വൈദ്യുതി പുനഃസ്ഥാപിച്ചത്. വൈദ്യുതി ബില്ലില്‍ 42 ലക്ഷം രൂപയുടെ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കലക്‌ടറേറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു.
57.95 ലക്ഷം രൂപയാണ് ജില്ലാ ഭരണകൂടം അടയ്ക്കാനുണ്ടായിരുന്നത്. 30 ഓഫിസുകളുടെ വൈദ്യുതിയാണ് ചൊവ്വാഴ്ച വിച്ഛേദിച്ചിരുന്നത്. 13 കണക്‌ഷനുകളിൽ നിന്നായിരുന്നു 30 ഓഫിസുകളിലേക്ക് വൈദ്യുതി ലഭിച്ചിരുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ഓഫീസുകളുടെ പ്രവർത്തനം അവതാളത്തിലായിരുന്നു.
ജില്ലാ സപ്ലൈ ഓഫിസ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസ്, സർവേ ഡപ്യൂട്ടി ഡയറക്ടറേറ്റ്, ഭക്ഷ്യ സുരക്ഷാ മിഷൻ ഓഫിസ്, യുവജനക്ഷേമ ഓഫിസ്, ട്രഷറി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം, ജില്ലാ ഓഡിറ്റ് വിഭാഗം, സഹകരണ ജോയിന്റ് റജിസ്ട്രാർ ഓഫിസ്, ഇറിഗേഷൻ ഓഫിസ്, ഇലക്‌ഷൻ ഗോഡൗണും അനുബന്ധ വിഭാഗവും തുടങ്ങിയവയിലായിരുന്നു വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നത്. പണം അടച്ചതിനെ തുടർന്ന് ഇറിഗേഷനിലേയും ഇലക്‌ഷൻ ഗോഡൗണിലെയും വൈദ്യുതി പുനഃസ്ഥാപിച്ചിരുന്നു.