കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്കിൻറെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൺവെൻഷനിൽ വിമതർക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ KPCC president K. Sudhakaran. പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാൻ കഴിയില്ലെന്നും സുധാകരൻ ഭീഷണിപ്പെടുത്തി. ബാങ്ക് പതിച്ച് കൊടുക്കാൻ കരാർ ഏറ്റെടുത്തവർ ഇത് ഓർക്കണമെന്നും കെ സുധാകരൻ പറഞ്ഞു. തങ്ങളുടെ പ്രവർത്തകരെ തൊടാൻ ശ്രമിച്ചാൽ ആ ശ്രമത്തിന് തിരിച്ചടിക്കും.
കോൺഗ്രസിനെ തകർക്കാൻ ചിലർ കരാറെടുത്താണ് വരുന്നത്. അവർ ഒന്നോർത്തോളൂ, എന്തെങ്കിലും സംഭവിച്ചാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ല. ഈ പാർട്ടിയോട് കൂറില്ലാത്തവരാണ്. കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാർക്കും ബി.ജെ.പിക്കാർക്കും കൊടുത്ത് പണം വാങ്ങി അതിൻറെ മധുരം നുകരുന്നവരാണ് അവർ. അത് അനുവദിക്കില്ല.
ചേവായൂർ സഹകരണ ബാങ്കിനെ മറ്റൊരു കരുവന്നൂർ ബാങ്ക് ആക്കി മാറ്റാൻ സമ്മതിക്കില്ല. അട്ടിമറിയിലൂടെയും ബലപ്രയോഗത്തിലൂടെയും ഇടത് മുന്നണിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ല. കോൺഗ്രസ് അധികാരത്തിൽ വരും. പിന്നിൽ നിന്ന് കുത്തിയവരെ വെറുതേ വിടില്ലെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
ചേവായൂർ ബാങ്ക് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ കോൺഗ്രസിലുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. ബാങ്ക് ചെയർമാൻ ജി.സി. പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് അമ്പതോളം നേതാക്കൾ പാർട്ടി ഭാരവാഹിത്വം രാജിവച്ചു. ഇതിന് പിന്നാലെയാണ് ബാങ്ക് തെരഞ്ഞെടുപ്പിൽ ചിലർ വിമതസ്ഥാനാർഥികളായത്.