പോലീസുകാരുമായി സഞ്ചരിച്ച ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ചു; അപകടം തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ
കോഴിക്കോട്: കൊയിലാണ്ടിയിൽ പോലീസുകാരുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം.
നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാർ ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റു.
വടകര മടപ്പള്ളിയിൽ നിന്ന് മലപ്പുറത്തേക്ക് മടങ്ങുകയായിരുന്ന പോലീസ് സംഘമാണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെ 12.45-ഓടെ കൊല്ലം പെട്രോൾ പമ്പിന് സമീപത്താണ് സംഭവം നടന്നത്.
ടോറസ് ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.
ഡ്രൈവർമാർ കുടുങ്ങി; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടത്തെ തുടർന്ന് വാഹനങ്ങളുടെ കാബിനിൽ ഡ്രൈവർമാർ കുടുങ്ങി. കൊയിലാണ്ടി അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാതിലുകൾ മുറിച്ചുമാറ്റിയാണ് രക്ഷപ്പെടുത്തിയത്.
പരിക്കേറ്റ 28 പേരെയും ഉടൻ കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.
English Summary:
A bus carrying police personnel collided with a container lorry in Kozhikode, leaving 28 people injured in an early morning accident. The police team was returning after election duty when the crash occurred, reportedly due to the lorry driver losing control, possibly after dozing off. The impact caused severe damage to both vehicles, trapping the drivers inside, who were later rescued by fire force personnel using hydraulic equipment. All the injured were shifted to a nearby hospital, while the accident briefly disrupted traffic along the national highway.








