കോഴിക്കോട്: കോട്ടയം സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിയെ കോഴിക്കോട് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ– സിന്ധു ദമ്പതികളുടെ മകൾ ലക്ഷ്മി രാധാകൃഷ്ണൻ(21) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിലാണ് ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Kozhikode nursing student death; Police registered case of unnatural death)
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മുറിയിൽ ഒപ്പം താമസിച്ചിരുന്ന സഹപാഠികൾ ക്ലാസിൽ പോയ സമയത്താണ് മരണം നടന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് ഗവൺമെന്റ് നഴ്‌സിങ് കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച ലക്ഷ്മി രാധാകൃഷ്ണൻ. ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണൻ റോഡിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയിൽ ലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സുഖമില്ലാത്തതിനാലാണ് ലക്ഷ്മി അവധിയെടുത്തതായിരുന്നെന്ന് ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥിനികൾ പറയുന്നു.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കോട്ടയത്തുനിന്നു ബന്ധുക്കൾ രാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്. പോസ്റ്റ്‍മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.