കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസിന്റെ രഹസ്വാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് നിഗമനം. അതേസമയം വിദഗ്ധ സംഘത്തിൻ്റെ പരിശോധന കെട്ടിടത്തിൽ നടന്നുവരുകയാണ്.
ഫയർ ഫോഴ്സ് , ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ്,പൊലിസ് ബോംബ് – ഡോഗ് സ്ക്വാഡ്,എന്നിവരാണ് നിലവിൽ പരിശോധന നടത്തുന്നത്. അതേസമയം കൃത്യമായ അന്വേഷണം നടക്കുമെന്ന് കോർപറേഷൻ മേയർ ബീന ഫിലിപ്പ് അറിയിച്ചു.
കോഴിക്കോട് നഗരത്തെ മുൾമുനയിൽ നിർത്തിയാണ് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വൻ തീപിടിത്തമുണ്ടായത്. വ്യാപാര സമുച്ചയം ഏതാണ്ട് പൂർണമായും കത്തിനശിച്ചിരുന്നു.
തീപിടിത്തത്തെ തുടർന്ന് നഗരമെങ്ങും കറുത്ത പുക പടർന്നു. തീപടർന്ന ഉടനെ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴുപ്പിച്ചതിനാൽ ആളപായമില്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലർച്ചെയോടെ തീ പൂർണമായി അണച്ചത്.
കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതേതുടർന്ന്കെട്ടിട പരിപാലന ചട്ടം അടക്കം പാലിച്ചിരുന്നോയെന്ന് പരിശോധിക്കും.
ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. ഈയടുത്തകാലത്തൊന്നും ഇത്രയും വലിയ അഗ്നിബാധയ്ക്ക് കോഴിക്കോട് നഗരം സാക്ഷിയായിട്ടില്ല. നിരവധി വ്യാപാരികളുടെ ഉപജീവനമാർഗമാണ് കത്തി ചാമ്പലായത്.