പട്ടിണിയിലായി ഹോസ്റ്റൽ വിദ്യാർത്ഥികൾ; പാചകവാതക ക്ഷാമം രൂക്ഷം,ക്ലാസുകൾ ഓൺലൈനിലേക്ക്!
കോഴിക്കോട്: ജില്ലയിൽ പാചകവാതക ക്ഷാമം രൂക്ഷമാകുന്നതോടെ ഹോട്ടൽ മേഖലയ്ക്കൊപ്പം ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികളും ഗുരുതര പ്രതിസന്ധിയിലായി. ഹോട്ടലുകളും മെസുകളും പ്രവർത്തനം കുറച്ചതോടെ നിരവധി വിദ്യാർഥികൾക്ക് ഭക്ഷണം ലഭിക്കാത്ത സ്ഥിതി രൂപപ്പെട്ടു.
വെസ്റ്റ്ഹിൽ പ്രദേശത്തെ ഹോസ്റ്റലുകളിലും വാടകവീടുകളിലും താമസിക്കുന്നവർക്ക് ഭക്ഷണം ലഭിക്കാതെ വന്നതിനെ തുടർന്ന് ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. മെസുകളും കന്റീനുകളും ഹോട്ടലുകളും ആശ്രയിച്ചാണ് മിക്ക വിദ്യാർഥികളും ഭക്ഷണം കഴിക്കുന്നത്.
എസ്എഫ്ഐയുടെ നേതൃത്വത്തിൽ അധ്യാപകരുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഒരു ആഴ്ചക്കാലത്തേക്ക് എൻജിനീയറിങ് കോളജിലെ ക്ലാസുകൾ ഓൺലൈനാക്കാൻ തീരുമാനിച്ചതായി നേതാവ് എച്ച്. ഹുനൈസ് അറിയിച്ചു.
പാചകവാതക വിതരണം സാധാരണ നിലയിലാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജില്ലയിലും താലൂക്ക് കേന്ദ്രങ്ങളിലുമായി അടുപ്പുകൂട്ടി പ്രതിഷേധിച്ചു. കേരള എൻജിഒ യൂണിയൻ സംസ്ഥാന നേതാവ് ഹംസ കണ്ണാട്ടിൽ സമരം ഉദ്ഘാടനം ചെയ്തു.
അതേസമയം, പാചകവാതക ക്ഷാമം പരിഹരിക്കണമെന്നും ഹോട്ടൽ-റസ്റ്ററന്റ് മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും പ്രതിഷേധവും നടത്തി.
English Summary
Cooking gas shortage has intensified in Kozhikode, severely affecting hotels and leaving hostel students struggling for food. Many students who depend on mess facilities and restaurants are facing difficulties due to reduced operations.
Students of the Government Engineering College protested over the issue, and following discussions with teachers, classes have been shifted online for a week.
Meanwhile, employees, teachers, and trade organizations staged protests across the district demanding restoration of gas supply and rollback of price hikes. Business and hotel associations also held marches highlighting the crisis.









