സിപിഐ ഓഫീസിൽ കർഷകന്റെ ആത്മഹത്യ; മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ചർച്ചയാകുന്നു
കോട്ടയം: വൈക്കം തലയാഴം സിപിഐ ഓഫീസിൽ കർഷകനായ ചെല്ലപ്പൻ പുളിക്കശ്ശേരി ജീവനൊടുക്കിയ സംഭവം സംസ്ഥാനത്ത് ചർച്ചയാകുന്നു. മരണത്തിന് മുൻപ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ സിപിഐ നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
തന്റെ കൃഷി നശിപ്പിച്ചതും കാർഷിക ഉത്പന്നങ്ങൾക്ക് വിപണി അനുവദിക്കാതിരുന്നതുമടക്കം നിരവധി ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഭിന്നശേഷിക്കാരനായ തനിക്ക് കൃഷിമന്ത്രി പി. പ്രസാദിനെ കാണാൻ പലതവണ ശ്രമിച്ചിട്ടും അവസരം ലഭിച്ചില്ലെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞിരുന്നു.
ഇലക്ഷൻ കഴിഞ്ഞാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന ഭീഷണിയും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഏറെക്കാലമായി സിപിഐ പ്രാദേശിക നേതൃത്വവുമായി തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും, തൈകൾ വിൽപ്പന നടത്തുന്ന തന്റെ ഉപജീവന മാർഗം നശിപ്പിച്ചതായും കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ബിജെപിയും കോൺഗ്രസും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. അതേസമയം, സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നാണ് സിപിഐയുടെ പ്രതികരണം.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദം നേരിടുമ്പോൾ സഹായം തേടുന്നത് നിർണായകമാണ്. ‘ദിശ’ ഹെൽപ് ലൈൻ: 1056, 0471-2552056
English Summary
A farmer died by suicide at a CPI office in Vaikom, Kottayam, after allegedly raising serious allegations against local party leaders in a social media video. The incident has triggered political reactions, with demands for a detailed investigation.
Kottayam News, Vaikom, Farmer Issue, Kerala Politics, CPI, Suicide Case, Breaking News, Investigation Demand









