കൊല്ലം: കൊല്ലത്ത് കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ പ്രണയപ്പകയെന്ന് പോലീസ് സ്ഥിരീകരണം. ഉളിയക്കോവിൽ വിളപ്പുറം മാതൃകാ നഗർ 162 ഫ്ലോറിഡെയ്‌ലിൽ ജോർജ് ഗോമസിന്റെ മകനുമായ ഫെബിൻ ജോർജ് ഗോമസാണ് (21) കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആർബി) ഗ്രേഡ് എസ്ഐ നീണ്ടകര പുത്തൻതുറ തെക്കടത്ത് രാജുവിന്റെ മകൻ തേജസ്സ് രാജ് (23) ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി.
ഫെബിന്റെ സഹോദരിയും കൊലയാളി തേജസ് രാജും ഒരുമിച്ചു പഠിച്ചവരാണ്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാരും സമ്മതം മൂളി. എന്നാൽ ജോലി കിട്ടിയതോടെ തേജസുമായുള്ള ബന്ധത്തിൽനിന്നു യുവതി പിൻമാറി. ഇത് തേജസ്സിനു വൈരാഗ്യത്തിനു കാരണമായെന്ന് പൊലീസ് പറയുന്നു.
തേജസ് വിളിച്ചപ്പോള്‍ യുവതി ഫോണ്‍ എടുത്തിരുന്നില്ല. ഇതും വൈരാഗ്യത്തിനു കാരണമായി. തുടർന്ന് പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് പ്രതി വീട്ടിലെത്തിയതെന്നാണു വിവരം. എന്നാൽ അച്ഛനെ ആക്രമിച്ച ശേഷം ഫെബിൻ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തേറ്റ യുവതിയുടെ അച്ഛൻ ജോർജ് ഗോമസ് ചികിത്സയിൽ തുടരുകയാണ്.
ഇന്നലെ വൈകിട്ട് 6.45ന് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിന് ശേഷം 3 കിലോമീറ്റർ അകലെ ചെമ്മാൻമുക്ക് റെയിൽവേ മേൽപാലത്തിന് അടിയിൽ എത്തിയ തേജസ് ഇവിടെ കാർ നിർത്തി. പിന്നാലെ കൈത്തണ്ട മുറിച്ച് ട്രെയിനിനു മുന്നിലേക്കു ചാടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.