കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് ഉമാ തോമസ് എംഎല്‍എ വീണ സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണം ആശങ്കപ്പെടുത്തുന്നതാണെന്നും കായികേതര പരിപാടികള്‍ക്ക് വേണ്ട സുരക്ഷ ക്രമീകരണം ഒരുക്കിയിരുന്നോ എന്ന് പരിശോധിക്കണമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.(Kochi City Police will be investigated on Uma Thomas MLA seriously injured)
ഗുരുതര പരിക്കേല്‍ക്കാനിടയായതില്‍ സുരക്ഷാ വീഴ്ചയാണ് അപകടകാരണമെന്ന ആരോപണത്തിന് പിന്നാലെയാണ് പൊലീസിന്റെ ഇടപെടല്‍. സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ഇന്ന് വൈകീട്ട് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു അപകടം സംഭവിച്ചത്. ഇരുപതടിയോളം ഉയരത്തിൽ നിന്നാണ് ഉമ തോമസ് വീണത്. ഇരിക്കാൻ ശ്രമിക്കുന്നതിനിടെ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായത്. വേദിയ്ക്ക് മുന്നിൽ ബാരിക്കേഡായി വെച്ചിരുന്നത് താത്കാലികമായി കെട്ടിയ റിബൺ ആയിരുന്നു. അപകടസമയത്ത് സേഫ്റ്റി ഗാർഡുമാർ ഇല്ലായിരുന്നു.
നിലവിൽ അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലെന്നും 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ബാക്കി കാര്യങ്ങൾ അറിയാൻ സാധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.