നെടുങ്കണ്ടം: പെൺകുട്ടികൾ സൈക്കിൾ ചവിട്ടുന്നത് പോലും അത്ഭുതത്തോടെ നോക്കിനിന്നിരുന്ന ഒരു സമൂഹമായിരുന്നു കേരളത്തിലേത്.
എന്നാൽ, പിന്നീട് സൈക്കിളും സ്കൂട്ടറും ബൈക്കും ബുള്ളറ്റും കാറും എന്നുവേണ്ട വലിയ ട്രെയിലറുകൾ പോലും അനായാസം കൈകാര്യം ചെയ്യുന്ന മലയാളി യുവതികളെ നാം കണ്ടിട്ടുണ്ട്.
വലിയ ട്രെയിലറുകൾ പോലും നിസ്സാരമായി ഓടിക്കുന്ന മലയാളി യുവതികൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഇപ്പോഴിതാ, ആ പട്ടികയിലേക്ക് മറ്റൊരു ഇരുപത്തിനാലുകാരി കൂടി വന്നിരിക്കുകയാണ്. നെടുങ്കണ്ടം മൈനർസിറ്റി വാഴത്തോപ്പിൽ വീട്ടിൽ ശരണ്യ (24)യുടെ കൈകകളിൽ ലോറിയും പിക്കപ്പുമെല്ലാം നിസ്സാരമായി വഴങ്ങും.
ഹൈറേഞ്ചിലെ എത് ദുർഘട പാതകളിലായാലും ഈ യുവതി നല്ല കൈവഴക്കത്തോടെ വാഹമോടിക്കും.
തൂക്കുപാലം ജവാഹർലാൽ നെഹ്റു കോളജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയാണ് ശരണ്യ.
അവധി ദിവസങ്ങളിലും ഒഴിവുസമയങ്ങളിലും ശരണ്യ ഹൈറേഞ്ചിലെ ദുർഘട വഴികളിലൂടെ വാഹനമോടിക്കുന്നത് പതിവാണ്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ശരണ്യ.
തടി വ്യാപാരിയും ഡ്രൈവറുമായ പിതാവ് മുത്തുവിനൊപ്പം വാഹനം ഓടിച്ചു തുടങ്ങിയ ശരണ്യ തൻ്റെ പതിനെട്ടാം വയസ്സിൽ തന്നെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയിരുന്നു.
ജീവിത വഴിയിൽ ഈ യുവതിക്ക് കൂട്ടായെത്തിയത് ഡ്രൈവറായ കരിമ്പത്തിക്കൽ സൂര്യയും.
തടിയും മറ്റും കയറ്റി ദീർഘദൂര യാത്രകളും ശരണ്യ നടത്താറുണ്ട്. ശരണ്യ പിക്കപ് വാനുകളും ലോറിയും ഓടിക്കാത്ത ഹൈറേഞ്ചിലെ റോഡുകൾ കുറവാണ്.
ബിരുദത്തിന് ശേഷം ബിരുദാനന്തര ബിരുദം നേടണമെന്നും മത്സര പരീക്ഷകൾക്ക് തയാറെടുക്കണമെന്നതുമാണ് ശരണ്യയുടെ വലിയ ആഗ്രഹം.
നാലു വയസ്സുകാരി സൂര്യഗായത്രിയും രണ്ടര വയസ്സുകാരൻ സൂര്യകൃഷ്ണയുമാണ് മക്കൾ.
English Summary :
Kerala was once a society where even girls riding bicycles was looked at with surprise