തൃശൂർ: ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് നൽകിയ അപേക്ഷ റോഡരുകിലെ മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തി. ചെറൂർ സ്വദേശിയായ സ്ത്രീ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നൽകിയ അപേക്ഷയാണ് തൃശൂർ–ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവിൽ റോഡരികിൽ തള്ളിയ മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തിയത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ശാരീരിക പരിമിതിയുള്ള തന്റെ ഭർത്താവിന്റെ സ്ഥലംമാറ്റം സംബന്ധിച്ചായിരുന്നു ചെറൂർ സ്വദേശിനി മന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്.
ശനിയാഴ്ച തൃശൂരിൽ സാമൂഹികനീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയിൽ വച്ചായിരുന്നു ചെറൂർ സ്വദേശിനി മന്ത്രിക്ക് നേരിട്ട്നിവേദനം നൽകിയത്.
കാര്യം പരിഹരിക്കാം എന്നു പറഞ്ഞാണ് മന്ത്രി അപേക്ഷ സ്വീകരിച്ചതെന്നും ഇവർ പറഞ്ഞു. എന്നാൽ, പിന്നീട് ഈ അപേക്ഷ റോഡരുകിലെ മാലിന്യത്തിനൊപ്പം കണ്ടെത്തുകയായിരുന്നു. ചടങ്ങിൽ നിന്നുള്ള ഭക്ഷണമാലിന്യത്തിനൊപ്പമാണ് അപേക്ഷയും കണ്ടെത്തിയത്.
റോഡിൽ മാലിന്യം തള്ളിയതു നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഇന്നലെ ചേർപ്പ് പഞ്ചായത്ത് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് മന്ത്രിക്ക് നൽകിയ അപേക്ഷയും ലഭിച്ചത്.
അപേക്ഷയിൽ കണ്ട ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വിവരങ്ങൾ അറിഞ്ഞു. മന്ത്രിയുടെ ഓഫിസ് സ്റ്റാഫുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നായിരുന്നു അവരുടെ പ്രതികരണം.
അപേക്ഷ ഒരു തവണ കൂടി വാട്സാപ്പിൽ അയക്കാനും അവർ ആവശ്യപ്പെട്ടിട്ടുണ്ട് അതേസമയം, മാലിന്യം തള്ളിയവർക്കെതിരെ പതിനായിരം രൂപ പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തിയിട്ടുണ്ട്.