നിറഞ്ഞുകവിഞ്ഞ് ജയിലുകൾ; ജീവനക്കാരില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകൾ നിറഞ്ഞു കവിഞ്ഞു. നിലവിൽ തിങ്ങിനിറഞ്ഞ് തടവുകാരെ പാർപ്പിക്കുന്ന സാഹചര്യത്തിലാണ് ജയിലുകളെന്ന് റിപ്പോർട്ടുകൾ പറയുന്നു. 7828 പേരെ പാർപ്പിക്കാനുള്ള ശേഷിയുള്ള ജയിൽ സംവിധാനത്തിൽ നിലവിൽ 10,375 തടവുകാരാണ് കഴിയുന്നത്. ചില ജയിലുകളിൽ അനുവാദം നൽകിയ ശേഷിയേക്കാൾ ഇരട്ടിയിലധികം പേരെ പാർപ്പിക്കേണ്ടിവരുന്ന അവസ്ഥയാണ്.
ഉദാഹരണത്തിന്, പൂജപ്പുര സെൻട്രൽ ജയിലിൽ 727 പേരെ പാർപ്പിക്കാവുന്നതാണ്, എന്നാൽ ഇപ്പോൾ അവിടെ 1589 തടവുകാർ കഴിയുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ 948 പേരിനുള്ള ശേഷിയുണ്ടെങ്കിലും 1113 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. വിയ്യൂർ ജയിലിൽ 600 പേരും തവനൂർ ജയിലിൽ 160 പേരുമാണ് അധികമായി ഉള്ളത്.
ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് പുറത്തു വന്ന അന്വേഷണ റിപ്പോർട്ടിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇതോടൊപ്പം ജീവനക്കാരുടെ അപര്യാപ്തതയും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ നിലവിൽ 212 ജീവനക്കാരുണ്ട്, എന്നാൽ 21 തസ്തികകൾ ഒഴിവാണ്. കൂടാതെ, 22 പേർ പരിശീലനത്തിലാണ്.
സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലുമായി അംഗീകൃത പാർപ്പിട ശേഷി 7367 മാത്രമാണുള്ളത്. അതിനിടെ 10,375 തടവുകാരെ പാർപ്പിക്കേണ്ടിവരുന്ന സാഹചര്യം അത്യന്തം ഗുരുതരമാണ്. മേഖല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെയാണ്:
തെക്കൻ മേഖല: അംഗീകൃത ശേഷി – 1693; നിലവിലെ തടവുകാർ – 3250
മധ്യ മേഖല: അംഗീകൃത ശേഷി – 2346; നിലവിലെ തടവുകാർ – 3249
ഉത്തര മേഖല: അംഗീകൃത ശേഷി – 2689; നിലവിലെ തടവുകാർ – 3358
തടവുകാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുമ്പോൾ, സുരക്ഷയ്ക്ക് ആവശ്യമായ ജയിൽ ജീവനക്കാരുടെ എണ്ണം വളരെ കുറവാണ്. ഗാർഡിങ് ചുമതലകൾക്കായി ഏകദേശം 5000 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ ആവശ്യമുള്ള സാഹചര്യത്തിൽ നിലവിൽ 1731 പേർമാത്രമാണ് ഈ ചുമതല കൈകാര്യം ചെയ്യുന്നത്.
കൂടാതെ 1284 അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകൾ മാത്രമാണ് നിലവിൽ ജയിൽ വകുപ്പിൽ നിലവിലുള്ളത്. ഇത് ജീവനക്കാർക്ക് അമിത ജോലിഭാരവും മാനസിക സമ്മർദ്ദവുമുണ്ടാക്കുകയും ജയിലുകളുടെ സുരക്ഷയ്ക്കും പ്രായോഗിക പ്രവർത്തനത്തിനും കടുത്ത തിരിച്ചടിയായി മാറുകയും ചെയ്യുന്നു.
വാർഡർമാർ മുഴുവൻ സമയവും ഫോണിൽ കളിക്കും; ഗ്ലാസും പ്ലേറ്റും പുറത്തെറിഞ്ഞ് ശബ്ദമുണ്ടാക്കിയാൽ പോലും ആരും തിരിഞ്ഞു നോക്കില്ല; പോലീസിന് നൽകിയ മൊഴിയിൽ ഗോവിന്ദച്ചാമി പറയുന്നത്….
കണ്ണൂർ: അഴിയറുക്കാൻ തുടങ്ങിയത് നാലു മാസം മുൻപാണെന്ന് ഗോവിന്ദചാമി. വാർഡർമാർ മുഴുവൻ സമയവും ഫോണിൽ കളിക്കും. തൊട്ടു മുന്നിലെ മുറിയിൽ ഉണ്ടായിട്ടും ആരും ശ്രദ്ധിക്കാറില്ല. ശ്രദ്ധ പരിശോധിക്കാൻ ഗ്ലാസും പ്ലേറ്റും പുറത്തെറിഞ്ഞ് പരീക്ഷിക്കും, വാർഡർമാർ ശബ്ദം കേൾക്കാറില്ല. കമ്പി നൂൽവണ്ണം ആയിട്ടും വാർഡർമാർ നോക്കിയില്ല. ജയിൽചാടാനുള്ള തീരുമാനം ശിക്ഷായിളവ് കിട്ടില്ലെന്ന് മനസ്സിലാക്കിയതോടെയാണ്. സഹതടവുകാർക്ക് തന്നോട് സഹതാപം തോന്നി. തന്റെ കഴിവ് കാട്ടിക്കൊടുക്കണമെന്ന് അവർ പറഞ്ഞതും ജയിൽചാട്ടത്തിന് പ്രചോദനമായെന്നു പിടികൂടിയതിന് പിന്നാലെ പോലീസിന് നൽകിയ മൊഴിയിൽ ഗോവിന്ദച്ചാമി പറഞ്ഞു.
ട്രെയിൻ മാർഗം കേരളത്തിൽ നിന്നും രക്ഷപ്പെടാനായിരുന്നു ഗോവിന്ദചാമിയുടെ പദ്ധതി. പക്ഷെ കയ്യിൽ പണമില്ലാത്തത് തടസ്സമായി. കാൽനടക്കാരോട് ചോദിച്ചപ്പോൾ റെയിൽവെ സ്റ്റേഷനിലേക്ക് അഞ്ച് കിലോമീറ്റർ ഉണ്ടെന്ന് പറഞ്ഞു. നടന്നു പോകുന്നതിനിടെ ഒരു ആശുപത്രിയുടെ ഭാഗത്തുവെച്ചു വഴിതെറ്റി. ഇടവഴിയിലൂടെ കറങ്ങി ഡിസിസി ഓഫിസിനു മുന്നിൽ എത്തി. അപ്പോഴാണ് നാട്ടുകാർ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ചോദ്യം ചെയ്തപ്പോൾ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഗോവിന്ദച്ചാമി പോലീസിനോട് വിവരിച്ചു.
എട്ടു മാസത്തെ ആസൂത്രിത നീക്കത്തിലൂടെയാണ് ജയിൽചാട്ടം നടപ്പാക്കിയത്. പകൽസമയം ഉറങ്ങി, രാത്രി ഉറങ്ങാതെ അഴി മുറിച്ചു. ബിസ്‌ക്കറ്റ് കവറുകൾ സൂക്ഷിച്ചുവെച്ചു. ജയിൽ ചാടുമ്പോൾ ഇലക്ട്രിക് ഫെൻസിങ്ങിൽ പിടിച്ചത് ബിസ്‌കറ്റിന്റെ കവർ ഉപയോഗിച്ചായിരുന്നു എന്നും ഗോവിന്ദച്ചാമി പറഞ്ഞു. റിപ്പർ ജയാനന്ദന്റെ ജയിൽചാട്ടം മാതൃകയാക്കിയെന്നും ഇയാൾ പറയുന്നു. ഒറ്റക്കയ്യും പല്ലും ഉപയോഗിച്ചാണ് തുണിയിലൂടെ കയറി മതിൽ ചാടിയത്. ഒരു കൈ ഉപയോഗിച്ച് തുണിയിൽ പിടിച്ച് കയറി. പിന്നീട് വായ ഉപയോഗിച്ച് തുണി കടിച്ചുപിടിച്ചു.
ജയിലിലെ വീഴ്ചകൾ
കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത് കൃത്യമായ ആസൂത്രണത്തോടെ. താടിവളർത്തിയത് മുതൽ കറുത്ത വസ്ത്രം കൈവശപ്പെടുത്തിയത് വരെ ഗോവിന്ദച്ചാമിയുടെ ആസൂത്രണത്തിൻറെ ഭാഗമായിരുന്നു. അത് മുൻകൂട്ടി തിരിച്ചറിയുന്നതിലും തടയുന്നതിലും ജയിൽ വകുപ്പ് ദയനീയമായി പരാജയപ്പെട്ടു. വീഴ്ചയുടെ പേരിൽ മൂന്ന് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റൻറ് സൂപ്രണ്ടിനെതിരെയും നടപടിയെടുക്കും.
ജയിൽ ചാടൽ പൂർണ്ണമായും ആസൂത്രിതം
വ്യക്തമായ പദ്ധതിയോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത് എന്ന് ബൽറാം കുമാർ പറഞ്ഞു. സംഭവത്തിൽ ജയിലധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആരെയും ഇപ്പോഴത്തെഘട്ടത്തിൽ വ്യക്തമായ കുറ്റക്കാരനായി ചൂണ്ടിക്കാട്ടാനില്ലെന്നും, പ്രതിയെ ഉടൻ പിടികൂടാനായത് തന്നെ വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിൽ ചാടലിന്റെ സമഗ്ര അന്വേഷണത്തിനായി കണ്ണൂർ റേഞ്ച് ഡിഐജിയെ ചുമതലപ്പെടുത്തി.
ബ്ലേഡ് ജയിലിനുള്ളിൽ നിന്ന്
ഗോവിന്ദച്ചാമിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ, കമ്പി മുറിക്കാനുപയോഗിച്ച ബ്ലേഡ് ജയിലിനുള്ളിൽ നിന്ന് തന്നെ ലഭിച്ചതാണെന്ന് ഇയാൾ വെളിപ്പെടുത്തി. എന്നാൽ ആരാണ് അയാൾക്ക് ഇത് നൽകിയത് എന്ന് വ്യക്തമാക്കിയിട്ടില്ല. ഇത് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ബ്ലേഡും പോലെയുള്ള ആയുധം എങ്ങനെ ഗോവിന്ദച്ചാമിയുടെ കൈവശമെത്തി? എന്നത് വലിയൊരു ചോദ്യമാണ്. നിർമാണ പ്രവർത്തനത്തിനായി ജയിലിലേക്ക് കൊണ്ടുവന്നതാണെന്ന നിഗമനമുണ്ടെങ്കിലും, അതെങ്ങനെ തടവുകാരന്റെ കൈയിലായി എന്നത് നിർണ്ണായക ചോദ്യമാണ്. ഗോവിന്ദച്ചാമി സെല്ലിന്റെ ഇരുമ്പ് കമ്പികൾ ദിവസങ്ങളിലായി മുറിച്ചു, എന്നാൽ ശക്തമായ നിരീക്ഷണമുള്ള ജയിലിൽ ഉദ്യോഗസ്ഥർക്കോ സിസിടിവിയ്ക്കോ ഇതൊന്നും ശ്രദ്ധിക്കാനായില്ലെന്നതാണ് കൗതുകം.
ആസൂത്രണത്തിന്റെ പടവുകൾ…
ജയിൽ വകുപ്പ് ഇന്ന് പുറത്തുവിട്ട, ഗോവിന്ദച്ചാമിയുടെ ഏറ്റവും പുതിയ ഫോട്ടോയിൽ മൊട്ടയടിച്ചതും കുറ്റിത്താടിയുമുണ്ട്. എന്നാൽ പിടിയിലായ സമയത്തെ ഫോട്ടോയിൽ കട്ടത്താടിയും നീളമുള്ള മുടിയുമുണ്ട്. “ഷേവിങ് അലർജി” എന്ന വ്യാജ കാരണം പറഞ്ഞ് താടി വളർത്താൻ പ്രത്യേക അനുമതി വാങ്ങിയതുമുതലാണ് ജയിൽ ചാടലിന്റെ പദ്ധതി തുടങ്ങിയത്. പുതിയ രൂപത്തിലായി, പുറത്തേക്കു പോകുമ്പോൾ തിരിച്ചറിയലിന് തടസ്സം വരുത്തുകയായിരുന്നു ലക്ഷ്യം.
ജയിൽ ചാടിയ വഴി
ജയിലിലെ പത്താം ബ്ലോക്കിൽ പാർപ്പിച്ചിരുന്ന ഗോവിന്ദച്ചാമിക്ക് ഒപ്പം മറ്റൊരു തടവുകാരൻ കൂടി ഉണ്ടായിരുന്നു. പുലർച്ചെ ഒന്നേകാലോടെയാണ് രണ്ടിടങ്ങളിൽ നിന്നുള്ള കമ്പികൾ മുറിച്ച് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളിലൂടെയാണ് കമ്പി മുറിച്ചത്. തുടർന്ന്, അലക്കാൻ ഇട്ട തുണികൾ കൂട്ടിക്കെട്ടി കയറായി ഉപയോഗിച്ചാണ് മതിൽ ചാടിച്ചത്.
ജയിൽ ചാടൽ ആദ്യമായി സംശയിച്ചത് ട്രെയിനിംഗിലുള്ള ഉദ്യോഗസ്ഥർ
കണ്ണൂർ സെൻട്രൽ ജയിലിലെ പ്രധാന ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിലേക്കുള്ള യാത്രയ്ക്കിടെ, ജയിൽ ട്രെയിനികൾ മതിലിൽ തൂങ്ങിയിരുന്ന തുണി കണ്ടതിൽ സംശയം തോന്നി. ഉടൻ ആ വിവരം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. അതിനുശേഷമാണ് മതിലിന് സമീപത്തെ സ്ഥലം പരിശോധിച്ച് ജയിൽ ചാടൽ നടന്നതിന്റെ സൂചന ലഭിച്ചത്. സെല്ലിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന് ഉറപ്പായത്.
മാനസിക തന്ത്രങ്ങളോ?
ജയിൽ ചാടലിന് മുമ്പ് ഗോവിന്ദച്ചാമി സൈക്കോപരമായ പെരുമാറ്റം കാട്ടിയിരുന്നു. മതിലിൽ മലം തേച്ചുവെയ്ക്കുക, ജനലിലൂടെ മലം പുറത്തേക്ക് എറിയുക തുടങ്ങിയ പ്രവർത്തികൾ നടത്തി. അധികാരികൾ ഇത് മാനസിക അസ്വസ്ഥതയായി കണക്കാക്കിയെങ്കിലും, പിന്നീട് ഈ മുഴുവൻ പ്രകടനങ്ങളും ജയിൽ ചാടലിന് ഒരുങ്ങിയ തന്ത്രങ്ങളായിരുന്നുവെന്നത് വ്യക്തമാകുകയായിരുന്നു.
മറ്റൊരു കുറ്റവാളിയുടെ മോചനം സ്വാധീനമോ?
അടുത്തിടെ മറ്റൊരു കൊടുംകുറ്റവാളിക്ക് ജയിലിൽ നിന്നുള്ള മോചനം ലഭിച്ചതാണ് ഗോവിന്ദച്ചാമിയെ സ്വാധീനിച്ചതായും അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ പറയുന്നു. സംസ്ഥാനത്തെ നിയമ-ഭദ്രതാ സംവിധാനത്തെ ഞെട്ടിച്ച സംഭവം ഇപ്പോൾ ഗൗരവമായി പരിശോധിക്കപ്പെടുകയാണ്.
വസ്ത്രവും നടനവും
തടവുകാരന്റെ ജയിൽ വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതിനു പകരം, നേരത്തെ തന്നെ കറുത്ത പാന്റും ഷർട്ടും ഇയാൾ സൂക്ഷിച്ചിരുന്നു. വിചാരണ തടവുകാരുടെ അലക്കാനിട്ട് വസ്ത്രങ്ങളിൽനിന്നാണ് അത് കൈവശപ്പെടുത്തിയതെന്നാണ് സംശയം. അതുപോലേ, മതിലിൽ കയറാൻ ഉപയോഗിച്ച തുണികളും നേരത്തെ തന്നെ മോഷ്ടിച്ച് ഒളിപ്പിച്ചിരുന്നു.
ജയിലിന്റെ അകത്ത് നിന്ന് മതിലിന് പുറത്തേക്ക്…
പുലർച്ചെ നാലര മണിയോടെയാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് പുറത്തിറങ്ങിയത്. രണ്ട് മൂന്നു മീറ്റർ നടന്ന് മതിലിന് സമീപം എത്തിയെങ്കിലും, ആരും കണ്ടില്ല. മൂന്ന് ഇരുമ്പ് വീപ്പകളുടെ സഹായത്തോടെയാണ് ഫെൻസിങ് കയറിയത്. അതിന്മേൽ തുണികൊണ്ട് കെട്ടിയ കയറിലൂടെ മതിലിനു മുകളിലേക്ക് കയറി, വൈദ്യുത ഫെൻസിംഗ് ഇല്ലാതാക്കിയോ അല്ലെങ്കിൽ പ്രവർത്തനരഹിതമായതിനാലോ പ്രതി സുരക്ഷാ മതിൽ ചാടുകയായിരുന്നു.
പിടികൂടലിന്റെ നിമിഷങ്ങൾ
തളാപ്പ് പ്രദേശത്തെ ഉപേക്ഷിച്ചിരുന്ന കെട്ടിടത്തിനു സമീപത്തെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. നിരവധി ആളുകൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയതും, ഒടുവിൽ ഇയാളെ പിടികൂടാനായതും. ആദ്യം പൊലീസ് കെട്ടിടം വളഞ്ഞെങ്കിലും, ജനക്കൂട്ടം കൂടുമെന്നതിനാൽ നേരിട്ട് ഇടപെട്ടില്ല. എന്നാൽ ഇതിന്ഇടയ്ക്ക് പ്രതി കിണറ്റിലേക്ക് ചാടിയത് ശ്രദ്ധയിൽപെട്ടതോടെ പിടികൂടുകയായിരുന്നു.
ഇത്രയും കൃത്യമായ ആസൂത്രണത്തോടെയും പലതരത്തിലുള്ള വീഴ്ചകളുടെയും സംഭാവനയോടെയാണ് ഒരു കൊടുംകുറ്റവാളിക്ക് ജയിലിന് പുറത്ത് പോകാൻ കഴിഞ്ഞത്. ആ വീഴ്ചകൾക്ക് മറുപടി നൽകേണ്ടത് — കേരളത്തിലെ ജയിൽ വകുപ്പാണ്.
English Summary
Kerala’s prisons are operating far beyond their approved capacity, with 10,375 inmates currently housed in facilities meant for just 7,828. Reports highlight that some prisons accommodate nearly twice the number of inmates they are designed for, creating severe overcrowding and stressing prison infrastructure and staff resources.









