കൊടി സുനിയെ ജയില്‍ മാറ്റണമെന്ന് അപേക്ഷ
കണ്ണൂര്‍: ടി പി വധക്കേസിലെ പ്രതി കൊടി സുനിയുടെ ജയില്‍ മാറ്റണമെന്ന് അപേക്ഷ നൽകി ജയില്‍ വകുപ്പ്. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് ജയില്‍ വകുപ്പ് അപേക്ഷ സമർപ്പിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തവനൂരിലേക്ക് മാറ്റാനാണ് അപേക്ഷ നൽകിയത്. മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കു വേണ്ടിയാണ് കൊടി സുനിയെ തവനൂരില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റിയത്.
എന്നാൽ പരസ്യ മദ്യപാനം വിവാദമായതിന് പിന്നാലെ മാഹി ഇരട്ടക്കൊലക്കേസില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കൊടി സുനി അടക്കമുള്ള പ്രതികളുടെ വിചാരണ നടന്നത്.
കഴിഞ്ഞ മാസം പതിനേഴിനായിരുന്നു പൊലീസ് സാന്നിധ്യത്തിൽ കൊടി സുനിയുടെയും സംഘത്തിൻ്റെയും പരസ്യ മദ്യപാനം ഉണ്ടായത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതികളെ വിചാരണയുടെ ഭാഗമായി തലശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന സമയത്താണ് പ്രതികള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മദ്യപിച്ചത്.
കൊടി സുനി മദ്യപിച്ചത് വിക്ടോറിയ ബാറിനു മുന്നിൽ വച്ച്; ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: കോടതിയിൽ ഹാജരാക്കി തിരിച്ചു കൊണ്ടുപോകും വഴി പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൊടി സുനി ഉൾപ്പെടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പരസ്യമായി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
തലശേരിയിലെ വിക്ടോറിയ ബാറിനു മുന്നിൽ വച്ചാണ് സുഹൃത്തുക്കൾ എത്തിച്ചു നൽകിയ മദ്യം ഇവർ കഴിക്കുന്നത്.
ബാറിനു മുന്നിൽ നിറുത്തിയിട്ട കാറിൽ നിന്ന് സുഹൃത്തുക്കളാണ് ഇവർക്ക് മദ്യം ഒഴിച്ച് നൽകിയതെന്ന് ദൃശ്യങ്ങളിലുണ്ട്.
കൊടി സുനിയെ കൂടാതെ, മുഹമ്മദ് ഷാഫി, ഷിനോജ് എന്നവരാണ് മദ്യപിച്ചത്. അതേസമയം പുറത്തുവന്ന ദൃശ്യങ്ങളിൽ പൊലീസുകാരില്ല.
മാഹി ഇരട്ടക്കൊല കേസിലെ പ്രതികൾകൂടിയായ ഇവരെ ഈ കേസിൽ ജൂലായ് 17ന് വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചശേഷം തിരിച്ചു കൊണ്ടുപോകുന്നതിനിടെ ത്തയിരുന്നു സംഭവം.
ഉച്ചഭക്ഷണം കഴിക്കാനെന്ന പേരിലാണ് പ്രതികളെ ഇവിടെ എത്തിച്ചത്. സംഭവം പുറത്തായതോടെ പ്രതികളെ കൊണ്ടുപോയ എ.ആർ. ക്യാമ്പിലെ പൊലീസുകാരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.
അതേ സമയം സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ, കീപാഡുള്ള പഴയ മൊബൈൽ ഫോൺ ആണ് കണ്ടെത്തിയത്.
സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ഇതിനുമുൻപും കണ്ണൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കൊടുംഭീകരർ അടക്കമുള്ളവരുടെ സെല്ലുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സെൻട്രൽ ജയിലിൽ തടവുകാർക്ക് എല്ലാ സൗകര്യവും ലഭിക്കുമെന്ന് കഴിഞ്ഞദിവസം ജയിൽ ചാടിയ കുറ്റവാളി ഗോവിന്ദച്ചാമി പൊലീസിന് മൊഴി നൽകിയിരുന്നു.
Summary: The Kerala Prison Department has filed a plea in the Thalassery Sessions Court requesting the transfer of Kodi Suni, a prime accused in the TP Chandrasekharan murder case, from Kannur Central Jail to the Thavanur Jail.