തിരുവനന്തപുരം: നഗരസഭ,മുനിസിപ്പാലിറ്റി,കോർപ്പറേഷൻ എന്നിവയ്ക്കു പിന്നാലെ പഞ്ചായത്തുകളിലെ സേവനങ്ങൾ കെ-സ്മാർട്ടിലേക്ക് മാറുന്നതിന്റെ ഭാഗമായി ഓൺലൈൻ സേവനങ്ങൾ സ്തംഭിക്കും.
സംസ്ഥാനത്ത് പഞ്ചായത്തുകളിലെ ഓൺലൈൻ സേവനങ്ങൾ ഏപ്രിൽ ഒന്നു മുതൽ പത്തു വരെ പൊതുജനങ്ങൾക്ക് ലഭ്യമാകില്ലെന്നാണ് അറിയിപ്പ്.
പഞ്ചായത്തിന്റെ ഡിജിറ്റൽ സേവനങ്ങളുടെ പോർട്ടലായ ഐഎൽജിഎംഎസിൽ നിന്നും കെ-സ്മാർട്ടിലേക്ക് സേവനങ്ങൾ സമ്പൂർണമായി മാറ്റുന്നതിന് മുന്നോടിയായാണ് പ്രവർത്തനം പത്തു ദിവസത്തേക്ക് നിർത്തി വയ്ക്കുന്നതെന്ന് അധികൃതർ പറയുന്നു.
പുതിയ പോർട്ടലിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ ജനന, മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, കടകളുടെ ലൈസൻസുകൾ തുടങ്ങിയ അപേക്ഷകൾ ഒന്നും സ്വീകരിക്കുന്നതല്ല.
എന്നാൽ ഇത്തരം അപേക്ഷകൾ ഏപ്രിൽ 11 മുതൽ കെ. സ്മാർട്ടിൽ സമർപ്പിക്കാവുന്നതാണ്. ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന തീരുമാനമായതിനാൽ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി അക്ഷയ കേന്ദ്രം നടത്തിപ്പുകാരുടെ പരിശീലനം ഞായറാഴ്ച മുതൽ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ച് ആരംഭിച്ചു. ബ്ലോക്ക് അടിസ്ഥാനത്തിലാണ് പരിശീലനം നടത്തുന്നത്.









