യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടെങ്കിലും, 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എൽഡിഎഫിന്റെ വോട്ട് വിഹിതത്തിൽ ചെറിയ വർധന രേഖപ്പെടുത്തി.
0.11 ശതമാനം വർധനവോടെ എൽഡിഎഫിന്റെ ആകെ വോട്ട് വിഹിതം 33.45 ശതമാനമായി. എന്നാൽ പ്രതിപക്ഷ ശക്തികേന്ദ്രങ്ങളിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതിരുന്നതാണ് ഇടതുമുന്നണിക്ക് തിരിച്ചടിയായത്.
അതേസമയം, 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ വോട്ട് വിഹിതത്തിൽ 6.35 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.
നിലവിൽ 38.81 ശതമാനമാണ് യുഡിഎഫിന്റെ വോട്ട് വിഹിതം. സംസ്ഥാനത്ത് സ്വാധീനം വർധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ രംഗത്തിറങ്ങിയ ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിരാശയാകുകയായിരുന്നു.
ബിജെപിയുടെ ആകെ വോട്ട് വിഹിതം 14.76 ശതമാനമായി.
2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 19.26 ശതമാനം വോട്ട് ലഭിച്ചിരുന്നുവെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പിൽ അത് 15 ശതമാനമായി കുറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 29.17 ശതമാനം വോട്ട് നേടി കോൺഗ്രസ് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, 27.16 ശതമാനം വോട്ടോടെ സിപിഎം രണ്ടാം സ്ഥാനത്തെത്തി.
ചെറിയ പാർട്ടികളും സ്വതന്ത്രരുമടങ്ങുന്ന വിഭാഗം 13.03 ശതമാനം വോട്ട് നേടി. തിരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട് വിഹിതം നേടണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപിത ലക്ഷ്യം ബിജെപിക്ക് കൈവരിക്കാനായില്ല.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞതൊഴിച്ചാൽ, വലിയ രാഷ്ട്രീയ മുന്നേറ്റങ്ങൾ സൃഷ്ടിക്കാനും പാർട്ടിക്ക് സാധിച്ചില്ല.
തെക്കൻ ജില്ലകളിലാണ് ബിജെപി താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്. തിരുവനന്തപുരം ജില്ലയിൽ 23.08 ശതമാനം വോട്ട് നേടിയ ബിജെപി, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഏകദേശം 19 ശതമാനം വോട്ടുകൾ നേടി.
വടക്കൻ കേരളത്തിൽ തൃശൂർ (19.65%), കാസർകോട് (18.88%) ജില്ലകളിലാണ് പാർട്ടിക്ക് കൂടുതൽ സ്വാധീനം ലഭിച്ചത്. പാലക്കാട് 17.05 ശതമാനം വോട്ട് നേടി.
എന്നാൽ മലപ്പുറം (5.91%), ഇടുക്കി (7.76%) ജില്ലകളിൽ ബിജെപിക്ക് 10 ശതമാനത്തിന് താഴെ മാത്രമാണ് വോട്ട് ലഭിച്ചത്.
എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന് 0.26 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. യുഡിഎഫിൽ മുസ്ലിം ലീഗ് 9.77 ശതമാനം വോട്ട് നേടി രണ്ടാമതെത്തിയപ്പോൾ, കേരള കോൺഗ്രസിന് 1.33 ശതമാനം വോട്ടാണ് ലഭിച്ചത്.
എൽഡിഎഫിൽ സിപിഐ 5.58 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, കേരള കോൺഗ്രസ് എം 1.62 ശതമാനം വോട്ട് നേടി. 0.07 ശതമാനം മാത്രം വോട്ട് നേടിയ കേരള കോൺഗ്രസ് എസ് ആണ് ഇടതുമുന്നണിയിൽ ഏറ്റവും പിന്നിൽ.
English Summary
Despite suffering a major setback in the local body elections, the LDF registered a marginal increase of 0.11% in vote share compared to the 2024 Lok Sabha elections, reaching 33.45%. The UDF, however, saw a significant decline of 6.35%, while the BJP also faced disappointment, with its vote share dropping sharply from the parliamentary elections. The results indicate shifting voter dynamics ahead of the upcoming Assembly polls.
kerala-local-body-election-vote-share-ldf-udf-bjp-analysis
Kerala politics, Local body elections, LDF, UDF, BJP, vote share, Kerala election news









