കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മാൻവെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലിൽ എൻ.ജെ.ജോയിയുടെ വീട്ടിൽ നിന്നാണ് 31 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയും മോഷണം പോയത്.
കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്ന സമയത്ത് വീടിന്റെ പൂട്ടു തകർത്ത് അകത്തു കയറി സ്വർണവും പണവും കവരുകയായിരുന്നു. ശനിയാഴ്ച്ച രാത്രിയിലാണ് കവർച്ച നടന്നത്. ഞയറാഴ്ച്ച രാവിലെ ജോയി വീട്ടിലെത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്.
മകൾ ജൂലിയുടെ അസുഖവുമായി ബന്ധപ്പെട്ട് ജോയിയും ഭാര്യ ലിസിയും ശനിയാഴ്ച തെള്ളകത്തെ ആശുപത്രിയിലായിരുന്നു.
ഇന്നലെ രാവിലെ ഒമ്പതു മണിക്ക് ജോയി വീട്ടിലെത്തിയപ്പോഴാണു മോഷണവിവരം അറിഞ്ഞത്. ഇരുനില വീട്ടിലെ മുൻവാതിലിന്റെ പൂട്ടു തകർത്ത് അകത്തുകടക്കുകയായിരുന്നു.
മോഷ്ടാക്കൾ, കട്ടിലിലെ കിടക്കയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോലുകൾ കൈവശപ്പെടുത്തി അഞ്ച് അലമാരകളും മേശകളും തുറന്നാണു കവർച്ച നടത്തിയത്.
ബന്ധുവിന്റെ വിവാഹത്തിന് ധരിക്കാനായി ബാങ്ക് ലോക്കറിൽ നിന്നെടുത്ത ആഭരണങ്ങളാണ് മോഷണം പോയത്. ഇന്നു രാവിലെ ബാങ്കുലോക്കറിൽ തിരിച്ചുവയ്ക്കാനിരിക്കെയാണ് കവർച്ച.
കുറുപ്പന്തറ – കല്ലറ റോഡിൽ മാൻവെട്ടം പെട്രോൾ പമ്പിന്റെ എതിർവശത്താണു ഈ വീട്. സ്വർണാഭരണങ്ങൾക്കൊപ്പം സൂക്ഷിച്ചിരുന്നു മുക്കുപണ്ടങ്ങൾ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് മോഷ്ടാക്കൾ കടന്നത്.
പൊലീസ് നായ കുറുപ്പന്തറ ഭാഗത്തേക്ക് ഓടി മാൻവെട്ടം കുരിശുപള്ളിയുടെ മുന്നിലെത്തി നിന്നു. 14 ഇടങ്ങളിൽ നിന്നായി പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നു മോഷ്ടാക്കളുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചതായി സൂചനയുണ്ട്.
ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി കെ.ജി.അനീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ജോയിയുടെ വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ മേമ്മുറി കുരിശുപള്ളിക്കു സമീപം ആൾത്താമസമില്ലാത്ത മറ്റൊരു വീട്ടിലും കവർച്ച നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഈ കവർച്ച കണ്ടെത്തിയത്. യുകെയിൽ ജോലി ചെയ്യുന്ന സജി പുതിയാകുന്നേലിന്റെ വീട്ടിൽനിന്നു വില കൂടിയ വിദേശമദ്യവും പെർഫ്യൂമുകളുമാണ് മോഷണം പോയത്. മുൻവശത്തെ വാതിലിന്റെ പൂട്ടു പൊളിച്ചാണ് ഇവിടെയും കവർച്ച നടത്തിയത്.