കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു. കയ്യൂർ വലിയ പൊയിലിൽ കുഞ്ഞിക്കണ്ണൻ(92) ആണ് മരിച്ചത്. ഇന്ന്
ഉച്ചയ്ക്ക് രണ്ടരയോടെ വീടിന്റെ പരിസരത്തുവെച്ചാണ് സൂര്യാഘാതമേറ്റത്.
ചൂട് കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ്.
കാസർഗോഡ് 15 കാരിയെ കാണാതായിട്ട് ഇന്നേക്ക് മൂന്നാഴ്‌ച്ച കഴിഞ്ഞു; പ്രദേശവാസിയായ 42 കാരനെയും കാണാനില്ല
കാസർഗോഡ്: കാസർഗോഡ് പൈവളിഗെയിൽ പതിനഞ്ച് വയസുകാരിയെ കാണാതായിട്ട് ഇന്നേക്ക് മൂന്നാഴ്ച കഴിഞ്ഞു. എന്നിട്ടും ഇതുവരെ യാതൊരു വിവരവും കണ്ടെത്താനായിട്ടില്ല. പ്രിയേഷ്- പ്രഭാവതി ദമ്പതികളുടെ മകൾ ശ്രുതിയെ ആണ് കാണാതായിരുന്നത്. തങ്ങളുടെ മകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് മാതാപിതാക്കൾ കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പൈവളിഗെ മണ്ടേകാപ്പിൽ പതിനഞ്ച് വയസുകാരി ശ്രേയയെ ഫെബ്രുവരി 12 മുതലാണ് കാണാതായത്. തങ്ങൾ രാവിലെ ഉറക്കമുണർന്നു നോക്കുമ്പോൾ മകൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പറയുന്നത്. പ്രദേശവാസിയായ 42 വയസുകാരനും പെൺകുട്ടിയെ കാണാതായ അതേ ദിവസം മുതൽ കാണാതായിട്ടുണ്ടെന്നും ഇവർ കുമ്പള പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ അടിസ്ഥാനമാക്കി മിസ്സിംഗ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ് കുമ്പള പൊലീസ്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങൾ നടത്തിയെങ്കിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുമ്പള പൊലീസിൽ വിവരം അറിയിക്കുക .