ശബരിമലയിലെ സ്വര്‍ണപ്പാളി തിരിച്ചെത്തിക്കണം
കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനു തിരിച്ചടി നൽകി ഹൈക്കോടതി ഉത്തരവ്.
ചെന്നൈയിലേക്ക് കൊണ്ടു പോയ ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കോടതി അനുമതിയില്ലാതെ സ്വര്‍ണപാളി ഇളക്കിയെന്നാണ് സ്‌പെഷല്‍ കമ്മിഷണർ നൽകിയ റിപ്പോര്‍ട്ട്.
കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വര്‍ണപ്പണികള്‍ നടത്താന്‍ പാടുള്ളുവെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കിയാണ് സ്‌പെഷല്‍ കമ്മിഷണർ റിപ്പോര്‍ട്ട് നല്‍കിയത്.
താന്ത്രിക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണപാളി ഇളക്കിയത് എന്നായിരുന്നു ദേവസ്വം ബോര്‍ഡ് നൽകിയ വിശദീകരണം.
ശബരിമല ശ്രീകോവിലിനു മുന്നില്‍ ഇരുവശത്തും ഉള്ള ദ്വാരപാലകരുടെ മുകളില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണം പൂശിയ ചെമ്പു പാളികളാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഇതു നിര്‍മിച്ചു സമര്‍പ്പിച്ച ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയത്.
ക്ഷേത്രം തന്ത്രിയുടെയും ദേവസ്വം ബോര്‍ഡിന്റെയും അനുമതിയോടെയാണ് ഇവ കൊണ്ടുപോയത്. തിരുവാഭരണങ്ങളുടെ ചുമതലയുള്ള തിരുവാഭരണം കമ്മിഷണര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, ശബരിമല അസിസ്റ്റന്റ് എക്സിക്യൂട്ടീവ്
ഓഫിസര്‍, ദേവസ്വം സ്മിത്ത്, വിജിലന്‍സ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍, ദേവസ്വം വിജിലന്‍സിലെ രണ്ടു പൊലീസുകാര്‍, രണ്ടു ദേവസ്വം ഗാര്‍ഡ്, ഈ പാളികള്‍ വഴിപാടായി സമര്‍പ്പിച്ച സ്പോണ്‍സറുടെ പ്രതിനിധി എന്നിവര്‍ ചേര്‍ന്നു സുരക്ഷിതമായാണു കൊണ്ടുപോയതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ
പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018 മുതൽ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളുടെ കേസുകൾ ഇപ്പോഴും ആയിരക്കണക്കിന് നിലനിൽക്കുന്നുണ്ട്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം ആറായിരത്തോളം കേസുകളാണ്. ഇവയിൽ പ്രതികളായി ചേർക്കപ്പെട്ടവർ 12,912 പേരാണ്.
നാലു വർഷം മുമ്പ് സർക്കാർ ഗൗരവമില്ലാത്ത ചില കേസുകൾ പിൻവലിച്ചിരുന്നുവെങ്കിലും, ഇപ്പോഴും കോടതികളിൽ നിലനിൽക്കുന്നതും പരിഗണനയിൽ കഴിയുന്നതും ഭൂരിഭാഗം കേസുകളാണ്.
2018ൽ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രക്ഷോഭങ്ങളാണ് തുടക്കത്തിൽ പ്രതിഷേധങ്ങൾക്ക് വേദിയൊരുക്കിയത്.
സ്ത്രീകൾക്ക് ശബരിമല പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് പ്രതിഷേധങ്ങൾ ശക്തമായത്.2019 ജനുവരി മൂന്നിന്, പോലീസ് സംരക്ഷണയിൽ രണ്ടു യുവതികൾ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ ദർശനത്തിന് എത്തിയതോടെയാണ് പ്രതിഷേധം കൂടുതൽ തീവ്രമായത്.
ആ ദിവസം നടന്ന സംസ്ഥാന വ്യാപക ഹർത്താലിൽ പല ഭാഗങ്ങളിലും സംഘർഷങ്ങൾ അരങ്ങേറി. പ്രതിഷേധത്തിന്റെ ഭാഗമായി പമ്പയിലും സന്നിധാനത്തും പോലീസ് സുരക്ഷാ സംവിധാനങ്ങൾക്കെതിരെ ആക്രമണം നടന്നുവെന്നാരോപിച്ച് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു.
എന്നാൽ, വിശ്വാസികൾ സമാധാനപരമായി നാമജപം നടത്തിയിരുന്നുവെന്നും അവർക്കെതിരെ വ്യാജമായി കേസെടുത്തുവെന്നും ഹിന്ദു സംഘടനകൾ ആരോപിക്കുന്നു.
Summary: In the Sabarimala gold plating controversy, the Kerala High Court directed the Devaswom Board to bring back the gold-plated panels removed from the Dwarapalaka idols in front of the sanctum sanctorum and taken to Chennai.









