കൊച്ചി: തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകളുടെ വ്യാജ പതിപ്പുകൾ പുറത്തിറങ്ങുന്നതിൽ സർക്കാരിന് പരാതി നൽകി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സോഷ്യൽ മീഡിയയിൽ വ്യാപകമായി വ്യാജ പതിപ്പുകൾ വരുന്നതിൽ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തുടരും സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസ്സിൽ പ്രദർശിപ്പിച്ചത് വിവാദമായിരുന്നു. പുറകിൽ വന്ന കാർ യാത്രക്കാർ ദൃശ്യങ്ങൾ സഹിതം നടൻ ബിനു പപ്പുവിന് അയച്ചുകൊടുക്കുകയായിരുന്നു.
ഇതിനെതിരെ സിനിമയുടെ നിർമാതാക്കൾ പൊലീസിലും സൈബർസെല്ലിലും പരാതി നൽകിയിരുന്നു. ഇതിൽ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചതിനു പിന്നാലെയാണ് പ്രൊഡ്യൂസേർസ് അസോസിയേഷനും പരാതിയുമായി രംഗത്ത് എത്തിയത്.
തീയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമകളുടെ വ്യാജ പതിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ സഹിതം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇവർ പരാതി നൽകിയിരിക്കുന്നത്.
വ്യാജ പതിപ്പുകൾ കാണുകയും ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിർമാതാക്കളുടെപരാതിയിൽ പറയുന്നു. ഇതോടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
മുമ്പും വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പരാതി നൽകിയുരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതോടെയാണ് സർക്കാരിന് പരാതി നൽകുന്നത്.