തിരുവനന്തപുരം: കേരള തീരത്ത് വരും മണിക്കൂറുകളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
‘കള്ളക്കടൽ’ പ്രതിഭാസത്തിന്റെ (Swell Surge) ഭാഗമായി ശനിയാഴ്ച രാത്രി 11.30 വരെ കേരളാ തീരത്ത്
0.2 മീറ്റർ മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പ്രധാന നിർദ്ദേശങ്ങൾ:
കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കരുത്.
മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാൻ സുരക്ഷിത അകലം പാലിക്കേണ്ടതാണ്.
അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കാൻ തയ്യാറാകണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ശക്തമായ കാറ്റിനും സാധ്യത
തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും,
ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
അതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ജാഗ്രത കൈവിടരുത്!
പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി പ്രവചിക്കാനാവാത്ത രീതിയിൽ മാറാൻ സാധ്യതയുള്ളതിനാൽ, തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ വരും മണിക്കൂറുകളിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഔദ്യോഗികമായി ലഭിക്കുന്ന അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കടൽക്ഷോഭത്തിൽ നിന്നുള്ള നാശനഷ്ടങ്ങൾ കുറയ്ക്കാൻ പൊതുജനങ്ങൾ സഹകരിക്കണം.
ഏത് അടിയന്തര സാഹചര്യത്തിലും സഹായത്തിനായി തൊട്ടടുത്ത വില്ലേജ് ഓഫീസിലോ പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടാവുന്നതാണ്.
English Summary
The Kerala State Disaster Management Authority (KSDMA) has issued a ‘Kallakkadal’ (swell surge) warning for the Kerala coast. High waves ranging from 0.2 to 0.7 meters are expected until Saturday night. Authorities have advised coastal residents and fishers to remain vigilant. All beach-related tourism activities are strictly prohibited, and fishers are advised to secure their boats safely in harbors.









