ബെംഗളൂരു: കഴിഞ്ഞ വർഷം ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്സി മത്സരം ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറക്കാൻ ഇടയില്ല. ഏറെ വിവാദമായ മത്സരത്തിന്റെ ഒന്നാം വാർഷികത്തിന് ഒരു ദിവസം ശേഷിക്കെ ചിരവൈരികളായ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും വീണ്ടും ഏറ്റുമുട്ടാൻ പോകുകയാണ്. ഇരു ടീമുകളും മുഖാമുഖം വരുമ്പോൾ മഞ്ഞപ്പടയുടെ ലക്ഷ്യം കഴിഞ്ഞ വർഷത്തെ കണക്കു വീട്ടുക എന്നത് മാത്രമാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഇന്ന് രാത്രി 7.30-നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു എഫ്.സി. മത്സരം.
കഴിഞ്ഞ മാർച്ച് മൂന്നിന് ഇതേ സ്റ്റേഡിയത്തിൽനടന്ന പ്ലേ ഓഫിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എക്‌സ്ട്രാ ടൈമിലേക്കുനീണ്ട മത്സരത്തിന്റെ 96-ാം മിനിറ്റിൽ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോൾ വിവാദമായി. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ ഒരുങ്ങുന്നതിനുമുമ്പ് കിക്കെടുത്ത ഛേത്രി ഗോളടിച്ചു. റഫറി ക്രിസ്റ്റൽ ജോൺസ് ഗോൾ അനുവദിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ പ്രതിഷേധിച്ചു. കളിക്കാരെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിച്ചിനെ വിലക്കുകയും ബ്ലാസ്‌റ്റേഴ്‌സിന് പിഴ ലഭിക്കുകയും ചെയ്തു.
അവസാനമത്സരത്തിൽ, കരുത്തരായ ഗോവയെ തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. 16 കളിയിൽ ഒമ്പത് ജയത്തോടെ 29 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്‌സ്. സൂപ്പർ കപ്പിനുശേഷം തീർത്തും നിറംമങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഇതിനിടെ ഒഡിഷ എഫ്.സി., പഞ്ചാബ് എഫ്.സി., ചെന്നൈയിൻ എഫ്.സി. എന്നിവരോട് തോറ്റിരുന്നു. പരിക്കായിരുന്നു മഞ്ഞപ്പടയുടെ വെല്ലുവിളി. ക്വാമി പെപ്രയും ഗോൾകീപ്പർ സച്ചിൻ സുരേഷുമുൾപ്പടെയുള്ളവർ മടങ്ങിയത് ടീമിന് ആഘാതമായി. എന്നാൽ, ഫെദോർ സിർനിച്ചും ദിമിത്രിയോസ് ഡയമന്റാക്കോസും ഡെയ്‌സുക് സകായിയുമെല്ലാം ഫോമിലേക്കുയരുന്നതിനാൽ പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്.
അതേസമയം നിലകിട്ടാതെ പരുങ്ങുകയാണ് ബെംഗളൂരു. 17 കളിയിൽ നാലെണ്ണം മാത്രമാണ് ജയിച്ചത്. ഈ സീസണിൽ കൊച്ചിയിൽ നടന്ന ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിൽ തോൽവിയായിരുന്നു ഫലം.
Read Also: ഒരു മാസത്തിനിടെ മൂന്നാമത്തെ മരണം; മലപ്പുറത്ത് ആശങ്കപരത്തി വൈറൽ ഹെപ്പറ്റൈറ്റിസ്