കളിക്കളത്തിൽ താരങ്ങളേക്കാൾ ആരാധക പ്രീതി കോച്ചിന് ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. പക്ഷേ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കാര്യങ്ങൾ മറിച്ചാണ്. പിള്ളേരെക്കാൾ ആരാധകർക്ക് പ്രിയം ആശാനോട് തന്നെ. ആ സ്നേഹവും ആരാധനയും എത്രത്തോളമുണ്ടെന്ന് ഇന്ന് കലൂർ സ്റ്റേഡിയത്തിൽ കാണാം. പത്ത് മത്സരങ്ങളുടെ വിലക്ക് പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് മടങ്ങിയെത്തുന്നു. അതേസമയം ആശാന്റെ വരവ് കൊണ്ട് മാത്രം കാര്യമില്ലെന്നും മത്സരം ജയിക്കണമെന്നും ആരാധകർ പറയുന്നു.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കൈവിട്ട വിജയം തിരിച്ചു പിടിക്കാനായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. കോച്ചിന്റെ മടങ്ങി വരവ് ടീമിന് കരുത്തേകുന്നുണ്ടെങ്കിലും പരിക്കേറ്റ മാർകോ ലെസ്‌കോവിച്ച്, ഐബാൻ ഡോഹ്‌ലിങ്, ജീക്‌സൺ സിങ് എന്നിവർ കളത്തിനു പുറത്താണ്. സസ്‌പെൻഷനിലുള്ള പ്രബീർദാസ്, മിലോസ് സിട്രിച്ച് എന്നിവരുടെ അഭാവവും ടീമിന് തിരിച്ചടിയാണ്. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ സീസണിൽ തിളങ്ങിയ ദിമിത്രിയോ ഡയമന്റകോസിലും പുതിയ സൈനിങ്ങായ ക്വാമ പെപ്രയിലുമാണ് ഇക്കുറി മഞ്ഞപ്പടയുടെ പ്രതീക്ഷകൾ.
സ്വന്തം തട്ടകത്തിലാണ് മത്സരമെങ്കിലും എതിരാളികളായ ഒഡീഷയെ ഭയക്കണം. എഎഫ്‌സി കപ്പിൽ ഗംഭീര പ്രകടനം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഒഡീഷ ഇന്ന് ഇറങ്ങുന്നത്. കോച്ച് സെർജിയോ ലൊബേറയാണ് ഒഡീഷയുടെ കരുത്ത്. ബ്രസീൽ താരം ഡീഗോ മൗറീഷ്യോയാണ് ടീമിന്റെ തുറുപ്പുചീട്ട്. താരത്തിനൊപ്പം ഗോളടിക്കാരൻ റോയ് കൃഷ്ണയും കൂടി ചേരുമ്പോൾ ഒഡീഷയുടെ മുന്നേറ്റനിര കൂടുതൽ അപകടകരമാകും. അതിനാൽ തന്നെ ഒഡീഷയെ തകർക്കുകയെന്നത് കുറച്ചു ബുദ്ധിമുട്ടാണ്. നിലവിൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ഒഡീഷ എഫ്‌സി.
ഇരുടീമും നേർക്കുനേർ വരുന്ന ഇരുപത്തിയൊന്നാമത്തെ മത്സരമാണിത്. ഇതിൽ ബ്ലാസ്റ്റേഴ്സ് എട്ടെണ്ണത്തിലും ഒഡിഷ അഞ്ചിലും ജയിച്ചു. ഏഴ് മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. സീസണിൽ ആദ്യ രണ്ട് കളികളും ജയിച്ചു തുടങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് ഒരു കളി തോറ്റു. ഒരു കളി സമനിലയായി. നാലു കളികളിൽ ഏഴ് പോയൻറുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. നാലു കളികളിൽ 10 പോയൻറുമായി എഫ് സി ഗോവയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി എട്ടു മണിക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്- ഒഡിഷ എഫ് സി മത്സരം.