പാലക്കാട്: ആളുകളെ പുറത്താക്കുക എന്നതല്ല പാർട്ടി നിലപാടെന്ന് മുൻ മന്ത്രിയും സിപിഐയുടെ മുതിർന്ന നേതാവുമായ കെ ഇ ഇസ്മയിൽ. KE Ismail supported those who formed the Save CPI forum and criticized the district leadership
പരമാവധി ആളുകളെ ചേർത്തുപിടിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ചെർപ്പുളശ്ശേരിയിൽ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ ഇ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പാലക്കാട് സിപിഐയിൽ സംഘടനാ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് സേവ് സിപിഐ ഫോറം രൂപീകരിച്ചവരെ പിന്തുണച്ചും, ജില്ലാ നേതൃത്വത്തെ വിമർശിച്ചും കെ ഇ ഇസ്മയിൽ രംഗത്തെത്തിയത്.
കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെയാണ് പാലക്കാട് സിപിഐയിൽ വിഭാഗീയത രൂക്ഷമായത്. സംഘടന വിരുദ്ധ പ്രവ4ത്തനം നടത്തിയെന്ന് പാർട്ടി കമ്മിഷൻ കണ്ടെത്തിയവരെ പുറത്താക്കി.
ഇതേ തുടർന്നുണ്ടായ അസ്വസ്ഥതകൾ ഉൾപാർട്ടി പ്രശ്നമായി മാറി. ഇതോടെ പുറത്താക്കൽ ഏകപക്ഷീയമെന്നാരോപിച്ച് നടപടി നേരിട്ടവരുടെ നേതൃത്വത്തിൽ ജില്ലാ കൗൺസിലിന് ബദലായി സേവ് സിപിഐ ഫോറം രൂപീകരിച്ചു.
ഈ സംവിധാനത്തെ ശരിവെക്കുന്ന തരത്തിലാണ് മുതിർന്ന നേതാവ് കെഇ ഇസ്മായിലിന്റെയും പ്രതികരണം.
ആളുകളെ പുറത്താക്കുകയല്ല, പരമാവധി ആളുകളെ ചേർത്തുപിടിച്ച് ശക്തിപ്പെടുത്തുകയാണ് പാർട്ടി നിലപാട്. താൻ അറിയുന്ന നേതാക്കൾ ഇരുപക്ഷത്തുമുണ്ടെന്നും പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഇസ്മായിൽ പറഞ്ഞു.
ഇസ്മായിലിൻറെ വിമർശനത്തിൽ മറുപടി പറയാനില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. അതേസമയം നിലവിലെ എഐവൈഎഫിലെ നേതാക്കളെ അണിനിരത്തി സേവ് യുവജന ഫെഡറേഷൻ രൂപീകരിക്കാനുള്ള നീക്കത്തിലാണ് സമാന്തര വിഭാഗം.