പത്തനംതിട്ട: മോഷ്ടിക്കപ്പെട്ട സ്വർണത്തിനായി വിളക്കുവച്ച് പൊട്ടിക്കരഞ്ഞ വീട്ടമ്മയ്‌ക്ക് അത് തിരികെ ലഭിക്കുന്നു !. വാഴക്കുല മോഷ്ടിക്കപ്പെട്ടപ്പോൾ പിണ്ടി വച്ച് വിഷമം പറഞ്ഞ കർഷകന്റെ വീട്ടുപറമ്പിൽ പിറ്റേന്ന് അതുപോലൊരു കുല കാണുന്നു!. മോഷണമുതൽ തിരിച്ചുകിട്ടാൻ തന്റെ ഇരിപ്പിടത്തിൽ മെഴുകുതിരി തെളിച്ച് പ്രാർത്ഥിച്ചാൽ കായംകുളം കൊച്ചുണ്ണി അത് സാദ്ധ്യമാക്കുമത്രേ!
അങ്ങനെ ഇലന്തൂർ ഇടപ്പാറക്കാവിൽ മലദേവർക്ക് സമീപം കുടിയിരുത്തിയ കായംകുളം കൊച്ചുണ്ണിയെ കുറിച്ച് നാട്ടുകാർ പാടി നടക്കുന്ന കഥകൾ നിരവധിയാണ്.
ഇടപ്പാറയിലെ കൊച്ചുണ്ണിയുടെ ഇരിപ്പിടത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കുമുണ്ടെന്നാണ് വിശ്വാസം.
മദ്ധ്യതിരുവിതാംകൂറിലെ കുപ്രസിദ്ധ മോഷ്ടാവായിരുന്നു കൊച്ചുണ്ണി. ഉള്ളവൻ്റെ സ്വത്ത് മോഷ്ടിച്ച് പാവങ്ങൾക്ക് കൊടുത്തയാളാണെന്നാണ് രേഖകളിലുള്ളത്. മോഷണം അതിരുവിട്ടപ്പോൾ കാർത്തികപ്പള്ളി തഹസിൽദാർ അറസ്റ്റു ചെയ്തെങ്കിലും പിന്നീട് തടവുചാടി.
അറസ്റ്റ് ചെയ്ത പൊലീസുകാരനെയും സഹായിച്ചയാളെയും കൊലപ്പെടുത്തി. പിന്നീട് കൊച്ചുണ്ണിയുടെ സുഹൃത്തായിരുന്ന കൊച്ചുപിള്ളയുടെ വാഴപ്പിള്ളിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭക്ഷണത്തിൽ മരുന്ന് കലർത്തി മയക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരത്ത് 91 ദിവസത്തെ ജയിൽ വാസത്തിനൊടുവിൽ മരിച്ച കൊച്ചുണ്ണിയെ തിരുവനന്തപുരം പേട്ട ജുമാമസ്ജിദിൽ ഖബറടക്കിയെന്ന് കൊട്ടരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയെ ഉദ്ധരിച്ചുള്ള രേഖകളിൽ പറയുന്നത്.
ഇടപ്പാറക്കാവിലെ ഊരാളി തിരുവനന്തപുരത്ത് രാജാവിനെ കണ്ട് മടങ്ങുന്നതിനിടെ വിശ്രമിക്കാനിരുന്ന ആലിന്റെ ശിഖിരത്തിൽ തലകീഴായി ആൾരൂപം കണ്ടുവത്രെ. ആരെന്ന് ചോദിച്ചപ്പോൾ കായംകുളം കൊച്ചുണ്ണിയെന്ന് പറഞ്ഞെന്നും തനിക്ക് സ്ഥിരമായി ഇരിപ്പിടം വേണമെന്നും കൊച്ചുണ്ണി ആവശ്യപ്പെട്ടെന്നുമാണ് ഐതിഹ്യം. തുടർന്ന് കൊച്ചുണ്ണിയെ ഊരാളി ഇടപ്പാറക്കാവിലേക്ക് കൊണ്ടുവന്ന് ഇരിപ്പിടം കൊടുത്തത്രേ. കൊച്ചുണ്ണി തിരുവനന്തപുരത്ത് മരിച്ചെന്നും ഊരാളി കണ്ടത് കൊച്ചുണ്ണിയുടെ ആത്മാവിനെയാണെന്നും വിശ്വാസമുണ്ട്.
കായംകുളം കൊച്ചുണ്ണി പ്രായം 41ജനനം : 1818 ആഗസ്റ്റ് ഒന്ന്മരണം : 1859 സെപ്തംബർ 18