നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാകുന്നു. ‘കതിരവൻ’ എന്നാണ് സിനിമയുടെ പേര്. ബിഗ് ബജറ്റ് പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താര പ്രൊഡക്ഷൻസ്.
ദീപാവലി ദിനത്തിൽ പ്രഖ്യാപിച്ച സിനിമയിൽ മലയാളത്തിലെ പ്രമുഖ ആക്ഷൻ ഹീറോ അയ്യങ്കാളിയാകും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താര പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണയാണ് നിർമിക്കുന്നത്.
താര പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭമാണ് കതിരവൻ. ഒരു ആക്ഷൻ ഹീറോ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാമതായിരിക്കും ഈ സിനിമ. അരുൺ രാജാണ് കതിരവൻ സിനിമ സംവിധാനം ചെയ്യുന്നത് അദ്ദേഹം തന്നെയാണ് ക്യാമറയും കൈകാര്യം ചെയ്യുന്നത്.
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹകനുള്ള അവാർഡ് നേടിയ (മെമ്മറി ഓഫ് മർഡർ) അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘എഡ്വിന്റെ നാമം’ എന്ന ചിത്രമാണ് ഇതിന് മുമ്പ് അദ്ദേഹം സംവിധാനം ചെയ്തത്.
വെൽക്കം ടു പാണ്ടിമല എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുൺ രാജായിരുന്നു. കതിരവന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് പ്രദീപ് കെ. താമരക്കുളമാണ്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന കതിരവന്റെ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ ആണ്. പി.ആർ.ഒ. മഞ്ജു ഗോപിനാഥ്.
English summary : Katiravan; The biopic of renaissance hero Ayyankali is being made into a movie